ന്യൂഡല്‍ഹി: നിലവിലെ മിസോറം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍. ഇതുള്‍പ്പെട്ടെ എട്ട് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റി നിയമിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം രാഷ്ടപ്രതി രാംനാഥ് കോവിന്ദ് പുറത്തിറക്കി.
കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന ആസന്നമായിരിക്കെയാണ് പുതിയ ഗവര്‍ണര്‍മാരുടെ നിയമനം. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ഝാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മാറ്റിനിയമിച്ചത്. ഹരിബാബു കമ്പാട്ടിയാണ് പുതിയ മിസോറാം ഗവണര്‍.
കേന്ദ്ര സാമൂഹിക നീതി മന്ത്രി താവര്‍ചന്ദ് ഗെഹ്‌ലോത്തിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചു. ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി.
ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹരിയാന ഗവര്‍ണര്‍. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആണ് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍. ഝാര്‍ഖണ്ഡ് ഗവര്‍ണറായി ത്രിപുര ഗവര്‍ണര്‍ രമേശ് ബായിസിനെ നിയമിച്ചു. മംഗുഭായ് ഛഗന്‍ഭായ് പട്ടേല്‍ ആണ് മധ്യപ്രദേശിലെ പുതിയ ഗവര്‍ണര്‍.