തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ച കണ്ടെത്താനും തിരുത്താനുമുള്ള തീരുമാനത്തിന്റെ ഭാഗമായി കല്പറ്റ മുന്‍ എം.എല്‍.എ. സി.കെ. ശശീന്ദ്രനെതിരേയും സി.പി.എം. അന്വേഷണം. സി.കെ. ജാനുവുമായുള്ള പണമിടപാടാണ് ശശീന്ദ്രനെതിരേ പരാതിയായി ഉയര്‍ന്നിട്ടുള്ളത്. സംസ്ഥാന സെക്രട്ടേറിയറ്റ് നേരിട്ടാണ് പരാതി പരിശോധിക്കുക. സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ശ്രീമതി, എളമരം കരീം എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍.
എന്‍.ഡി.എ.യില്‍ ചേരാന്‍ ബി.ജെ.പി. ജാനുവിന് നല്‍കിയ പണത്തില്‍നിന്ന് നാലരലക്ഷം രൂപ അവര്‍ ശശീന്ദ്രന് നല്‍കിയെന്നാണ് ആരോപണം. ബി.ജെ.പി.യുടെ ‘കോഴപ്പണം’ എന്ന് സി.പി.എം. കുറ്റപ്പെടുത്തുന്ന സംഭവത്തില്‍, പാര്‍ട്ടി അംഗവും എം.എല്‍.എ.യുമായ ആള്‍ക്കെതിരേ ആരോപണം ഉയരുന്നത് ഗുരുതരമായി കാണേണ്ടതാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
ഇക്കാര്യങ്ങള്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. പാര്‍ട്ടിതല അന്വേഷണം വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. വയനാട്ടിലെ പാര്‍ട്ടി നേതാക്കളില്‍നിന്നും ശശീന്ദ്രനില്‍നിന്നും കമ്മിഷന്‍ അംഗങ്ങള്‍ കഴിഞ്ഞദിവസം തെളിവെടുത്തിരുന്നു. ജാനുവിന് വായ്പനല്‍കിയ പണം തിരികെ ലഭിച്ചെന്നാണ് ശശീന്ദ്രന്‍ നേതാക്കളോട് പറഞ്ഞതെന്നാണ് സൂചന.
സ്ഥലം വിറ്റുകിട്ടിയ പണമാണ് ജാനുവിന് വായ്പ നല്‍കിയത്. മൂന്നരലക്ഷം രൂപ നല്‍കിയെന്നാണ് ശശീന്ദ്രന്‍ പാര്‍ട്ടിനേതാക്കളോട് പറഞ്ഞിട്ടുള്ളത്. ഇത്രയും തുക വായ്പനല്‍കാനുള്ള സാമ്പത്തികശേഷി ശശീന്ദ്രന് എങ്ങനെയുണ്ടായെന്നും പാര്‍ട്ടി പരിശോധിക്കുന്നുണ്ട്. ഇതില്‍ മറ്റ് നേതാക്കളില്‍നിന്ന് വിവരം തേടിയതായാണ് സൂചന.