കൊല്ലം: വിനോദയാത്രയ്‌ക്ക് പുറപ്പെടുന്നതിന് മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ നടപടിയുമായി പോലീസും.
ഉടമകളും ഡ്രൈവറുമുള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. കൊമ്ബന്‍ ബസ് ഉടമകള്‍ക്കും ഡ്രൈവര്‍ക്കുമെതിരെയാണ് കേസ് എടുത്തത്.
അഞ്ചാലുംമൂട് പോലീസാണ് നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.
പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വിനോദ യാത്രയ്‌ക്ക് പുറപ്പെടുന്നതിന് മുന്‍പാണ് ബസ് ജീവനക്കാര്‍ ബസിന് മുകളിലായി പൂത്തിരി കത്തിച്ചത്. പൂത്തിരി കത്തുന്നതിന്റെയും തുടര്‍ന്ന് വാഹനത്തിന് മുകളില്‍ തീപിടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
ആദ്യം പൂത്തിരി കത്തിച്ചത് വിദ്യാര്‍ത്ഥികളാണെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍ കുട്ടികളെ ആവേശത്തിലാക്കാന്‍ ജീവനക്കാര്‍ തന്നെ ചെയ്തതാണെന്നായിരുന്നു കോളേജ് അധികൃതരുടെ വെളിപ്പെടുത്തല്‍.