Saturday, April 19, 2025

HomeNewsKeralaനടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറി

spot_img
spot_img

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടന മൂന്ന് തവണ മാറിയെന്ന് ഫോറന്‍സിക് പരിശോധനാഫലം. മജിസ്‌ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും വിചാരണ കോടതിയിലും മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചു എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. രേഖപ്പെടുത്താതെ തുറന്നുപരിശോധിച്ചത് അനധികൃതമാണ്. മെമ്മറി കാര്‍ഡ് പരിശോധനാഫലം വിചാരണ കോടതി ക്രൈംബ്രാഞ്ചിനു കൈമാറി.

ഹാഷ് വാല്യു മാറിയതിന് പ്രതിഭാഗം നല്‍കുന്ന വിശദീകരണം, മെമ്മറി കാര്‍ഡ് വെറുതെ തുറന്നുനോക്കിയാലും ഹാഷ് വാല്യു മാറുമെന്നാണ്. എന്നാല്‍ കേവലം തുറന്നുപരിശോധിച്ചാല്‍ ഹാഷ് വാല്യു മാറില്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യുകയോ രേഖകള്‍ മുഴുവനായി മാറ്റപ്പെടുകയോ ചെയ്താല്‍ മാത്രമേ ഹാഷ് വാല്യു മാറുകയുള്ളൂ എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, വെറുതെ തുറന്നുപരിശോധിച്ചതാണെങ്കില്‍ പോലും അത് നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ഇങ്ങനെ തുറന്നുപരിശോധിച്ചതിന് കോടതികളില്‍ രേഖയില്ല. അതുകൊണ്ട് തന്നെ ഇത് നിയമവിരുദ്ധമാണെന്നാണ് വാദം.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.

മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് ആര്‍.ശ്രീലേഖയ്ക്കെതിരെ പരാതി നല്‍കിയത്. പള്‍സര്‍ സുനിക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇത് ഗുരുതര തെറ്റാണെന്നും കുസുമം പരാതിയില്‍ ഉന്നയിക്കുന്നു.

സിനിമാ മേഖലയിലെ നിരവധി പേരെ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് തനിക്കറിയാമെന്നാണ് ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയത്. ക്രിമിനല്‍ കുറ്റത്തെപ്പറ്റി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല? സുനിക്കെതിരെ കേസെടുത്തിയിരുന്നെങ്കില്‍ പല കുറ്റങ്ങളും തടയാമായിരുന്നു. ഒരു സ്ത്രീയെന്ന ഇടപെടല്‍ പോലും ഇവര്‍ നടത്തിയില്ല. മുന്‍ ജയില്‍ ഡിജിപി ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റാണെന്നും പരാതിയില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments