നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. കുറ്റകൃത്യത്തിന് പണം നല്‍കിയ വ്യക്തി വരെ പുറത്തിറങ്ങി. സുനി മാത്രമാണ് ജയിലിലുള്ളത്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ വാദിച്ചു. കേസിലെ വിചാരണ നടപടികള്‍ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം കോടതി തേടിയിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാരും വാദിച്ചു. കേസിലെ പ്രധാന പ്രതിയാണ് പള്‍സര്‍ സുനി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ വര്‍ഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തുടര്‍ന്ന് അന്വേഷണം നടക്കുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യേപക്ഷ തള്ളുകയായിരുന്നു. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം വിചാരണ ഈ വര്‍ഷം അവസാനിച്ചില്ലെങ്കില്‍ വീണ്ടും ജാമ്യാപേക്ഷയുമായി സമീപിക്കാമെന്നും കോടതി അറിയിച്ചു.
അതേസമയം കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അടുത്ത വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും നടിയുടെ ആവശ്യപ്രകാരമാണ് ഹര്‍ജി മാറ്റിയത്.