തിരുവനന്തപുരം: 25 കോടി ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് ലോട്ടറിയുടെ പ്രകാശനം നിര്‍വഹിച്ചു. ആദ്യമായാണ് ഇത്ര വലിയ തുകയുടെ ഭാഗ്യക്കുറി കേരളത്തില്‍ അവതരിപ്പിക്കുന്നത്.
അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേര്‍ക്ക് അഞ്ചാം സമ്മാനം നല്‍കും. 500 രൂപയാണ് ടിക്കറ്റ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഇത്തവണ ഓണം ബമ്പര്‍ ഭാഗ്യവാന് ഒന്നാം സമ്മാനമായി 25 കോടി അടിച്ചാലും ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ച് കയ്യില്‍ കിട്ടുക 15.75 കോടിയായിരിക്കും. ഒന്നാം സമ്മാനം വിറ്റ ഏജന്റിനു രണ്ടര കോടിയാണ് കമ്മിഷനായി ലഭിക്കും. ഈ വര്‍ഷം ഒരു ടിക്കറ്റിന് 96 രൂപയാണ് കമ്മിഷനായി കിട്ടുക. കഴിഞ്ഞ വര്‍ഷം ഇത് 58 രൂപയായിരുന്നു.
ഈ വര്‍ഷം 94 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിക്കുക. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇവ പൂര്‍ണമായും വിറ്റഴിഞ്ഞു. സെപ്റ്റംബര്‍ 18 നാണ് നറുക്കെടുപ്പ്.