Tuesday, April 22, 2025

HomeNewsKeralaജെ.സി.ഡാനിയേല്‍ പുരസ്‌കാരം കെ.പി.കുമാരന്

ജെ.സി.ഡാനിയേല്‍ പുരസ്‌കാരം കെ.പി.കുമാരന്

spot_img
spot_img

കോട്ടയം: ജെ.സി.ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ കെ.പി.കുമാരന്. അരനൂറ്റാണ്ട് കാലത്തെ സിനിമാ പ്രവര്‍ത്തനത്തിലുള്ള അംഗീകാരമായാണ് പുരസ്‌കാരം. അടുത്ത മാസം മൂന്നിന് പുരസ്‌കാരം സമ്മാനിക്കും. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

അടുരിന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ സഹരചയിതാവും സഹതിരക്കഥാകൃത്തുമായി സിനിമാ മേഖലയിലെത്തി. അതിഥി, തോറ്റം, ആദിപാപം, കാട്ടിലെ പാട്ട്, രുക്മിണി, തേന്‍തുള്ളി, ലക്ഷ്മി വിജയം, നിര്‍വൃതി, നേരം പുലരുമ്പോള്‍, ആകാശഗോപുരം തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. മഹാകവി കുമാരനാശാന്റെ ജീവിതകഥ ആസ്പദമാക്കി 84ാം വയസ്സില്‍ ‘ ഗ്രാമവൃക്ഷത്തിലെ കുയില്‍’ എന്ന സിനിമ കെ.പി കുമാരന്‍ എഴുതി സംവിധാനം ചെയ്തു.

മലയാള സിനിമയ്ക്കു 2 മികവുറ്റ നടിമാരെ സമ്മാനിച്ചത് കെ.പി. കുമാരനാണ്. 1985ല്‍ നേരം പുലരുമ്പോള്‍ എന്ന സിനിമയിലൂടെ രമ്യ കൃഷ്ണന്‍, 2007ല്‍ ആകാശ ഗോപുരത്തിലൂടെ നിത്യ മേനോന്‍. 1972ല്‍ നാറാണത്തുഭ്രാന്തനെ ഇതിവൃത്തമാക്കി ചെയ്ത 100 സെക്കന്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ഫിലിം ‘റോക്ക്’ അവാര്‍ഡ് നേടി. നാലു ദേശീയ അവാര്‍ഡുകള്‍ നേടിയ സ്വയംവരം ചിത്രത്തിന്റെ രചനയില്‍ പങ്കാളി.

ലക്ഷ്മീവിജയം, ഓത്തുപള്ളിയിലന്നു നമ്മള്‍ എന്ന ഹിറ്റ് പാട്ട് ഉള്‍പ്പെട്ട തേന്‍തുള്ളി, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ പ്രധാനവേഷം ചെയ്ത നേരം പുലരുമ്പോള്‍, കാട്ടിലെ പാട്ട്, സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ ലഭിച്ച രുഗ്മിണി, തോറ്റം, ആകാശ ഗോപുരം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണു കെ.പി.കുമാരന്‍.

1937ല്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസശേഷം പിഎസ്സി ടെസ്റ്റ് എഴുതി ഗതാഗത വകുപ്പില്‍ ക്‌ളാര്‍ക്ക് ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും ജോലി ചെയ്തു. ഇക്കാലത്ത് ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസാവുകയും എല്‍ഐസിയില്‍ ജോലി ലഭിക്കുകയും ചെയ്തു.

ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായിരുന്നു. 1975ല്‍ എല്‍ഐസിയില്‍നിന്ന് രാജിവച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സ്ഥിരതാമസം. ഭാര്യ ശാന്തമ്മ പിള്ള ടൂറിസം വകുപ്പില്‍ അഡീഷനല്‍ ഡയറക്ടറായി വിരമിച്ചു. മക്കള്‍ മനു, ശംഭു കുമാരന്‍(ഐഎഫ്എസ്), മനീഷ.

2001 ജെസി ഡാനിയേല്‍ അവാര്‍ഡ് ജേതാവും പിന്നണി ഗായകനുമായ പി.ജയചന്ദ്രന്‍ ചെയര്‍മാനും സംവിധായകന്‍ സിബി മലയില്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അരനൂറ്റാണ്ടുനീണ്ട് ചലച്ചിത്രസപര്യയിലൂടെ മലയാളത്തിലെ സമാന്തര സിനിമയ്ക്ക് നവീനമായ ദൃശ്യഭാഷയും ഭാവുകത്വവും പകര്‍ന്ന സംവിധായകനാണ് കെ.പി കുമാരന്‍ എന്ന് പുരസ്‌കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments