കോഴിക്കോട്: ഇന്‍ഡിഗോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ട്രോള്‍ മഴയുമായി മലയാളികള്‍. ഇന്‍ഡിഗോയ്ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ പേജില്‍ മലയാളികള്‍ ആഘോഷമാക്കിയത്. ഇപി ജയരാജനെ ട്രോളിയും ഇന്‍ഡിഗോയെ ട്രോളിയുമാണ് മലയാളികള്‍ ആഘോഷമാക്കുന്നത്.
രസകരമായ ചില കമന്റുകള്‍ ഇങ്ങനെ: നിങ്ങളുടെ ഒരു ബീമാനത്തിന് എത്രയാ വെളാ..? എന്നാണ് ഒരു രസികന്‍ കമന്റിട്ടത്. നിനക്കൊക്കെ പറക്കാന്‍ അല്ലെ അറിയൂസഖാവിന് പറപ്പിക്കാന്‍ അറിയാമെടാ ഇന്‍ഡികോയെ എന്നാണ് വേറൊരാളുടെ കമന്റ്, കേരളത്തിന്റെ മുകളില്‍ കൂടി ഇനി നിങ്ങള്‍ പറക്കില്ല മെക്കളെ എന്നാണ് ഒരാളുടെ കമന്റ്, കേരളത്തിന്റെ ആകാശത്തൂടെ നിങ്ങടെ വിമാനം പറക്കണോ വേണ്ടയോ എന്ന് ഇനി ഞങ്ങള്‍ തീരുമാനിക്കും… നിങ്ങളെക്കാള്‍ എയറില്‍ നിന്ന് പരിജയസമ്പത്തുള്ളയാളാ പറയുന്നത് .
നാട്ടിലേക്ക് വരാന്‍ എടുത്ത് വെച്ച എന്റെ ഇന്‍ഡിഗോ ടിക്കറ്റ് ഞാന്‍ കീറിക്കളഞ്ഞു….ഇതൊരു തുടക്കം മാത്രം, ഇനി കണ്ണൂരിന്റെ ചുവന്ന മണ്ണിനു മുകളിലൂടെ ഇന്‍ഡിഗോ വിമാനം പറക്കണോ വേണ്ടയോ എന്ന് സഖാക്കള്‍ തീരുമാനിക്കും.ഉയര്‍ന്നു പറക്കാന്‍ ആണ് തീരുമാനം എങ്കില്‍, എറിഞ്ഞിടാന്‍ ഇവിടെ പാര്‍ട്ടിക്ക് ചുണക്കുട്ടികള്‍ ഉണ്ട് ലാല്‍സലാം എന്നിങ്ങനെയാണ് കമന്റുകള്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇപി ജയരാജന്‍ രംഗത്തുവന്നത്.
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ല എന്ന് എല്‍ഡിഎഫ് ജയരാജന്‍ പറഞ്ഞിരുന്നു. വൃത്തികെട്ട, നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോ. ഇന്നത്തെ ടിക്കറ്റ് റദ്ദാക്കി. നിയമവിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി സ്വീകരിച്ചത്. നടന്നു പോയാലും ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി കയറില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള വിലക്ക് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നെ മൂന്നാഴ്ചത്തേക്ക് വിലക്കിയത് നിയമ വിരുദ്ധമായാണ്. കമ്പനി തെറ്റായ നിലപാടാണ് സ്വീകരിച്ചത്. ഞാന്‍ ആരാണെന്നു പോലും അറിയാതെയാണ് ചിലര്‍ വിധിച്ചത്. എല്ലാവരും വിമാനം ഉപേക്ഷിച്ച് ട്രെയിനില്‍ പോകണം. ഇന്‍ഡിഗോ പൂട്ടണോ എന്ന് ആളുകള്‍ തീരുമാനിക്കട്ടെ. വിമാനത്തില്‍ ഭയങ്കര ചാര്‍ജാണ് ഈടാക്കുന്നത്. ട്രെയിനാണ് ആദായകരം.
”നടന്നു പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. ഇന്‍ഡിഗോ കമ്പനിയുടെ ഒരു വിമാനത്തിലും യാത്ര ചെയ്യില്ല. ഇതു കേള്‍ക്കുന്ന നിരവധി ആളുകള്‍ സ്വമേധയാ ഇന്‍ഡിഗോയെ ബഹിഷ്‌കരിക്കും. ചിലപ്പോ കമ്പനി തന്നെ തകര്‍ന്നു പോകും. എന്റെ ഒരു പൈസയും ഈ കമ്പനിക്കു കൊടുക്കാന്‍ താല്‍പര്യപ്പെടുന്നില്ല…” എന്നാണു ഇ.പി ജയരാജന്‍ പറഞ്ഞത്.