കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
വിദേശിയായ മയക്കുമരുന്ന് കേസ് പ്രതിയെ രക്ഷിക്കാന്‍ തൊണ്ടി മുതലായ അടി വസ്ത്രത്തില്‍ ആന്റണി രാജു കൃത്രിമം കാണിച്ചെന്നാണ് കേസ്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്. എന്നാല്‍ വിചാരണ നടപടികള്‍ ആരംഭിക്കാത്ത കേസ് അന്തമായി നീളുകയാണ്. ഈ സാഹചര്യത്തിലാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി വ്യാഴാഴ്ച പരിഗണിക്കും.
ആന്റണി രാജു പ്രതിയായ കേസ് പതിറ്റാണ്ടുകളായി കോടതി മുറിയില്‍ തന്നെ കിടക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ നടപടികള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ്. അതിനാല്‍ കോടതി ഇടപെട്ട് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണം. വിസ്താരമുള്പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം കേസില്‍ തീരുമാനം ഉണ്ടാക്കണം. കോടതിയ്ക്കെതിരെയും അന്വേഷണം വേണം. ഇതിനായി ഹൈക്കോടതി തന്നെ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ആന്റണി രാജു ജൂനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന കാലത്തെ സംഭവമാണ് കേസിനാധാരം. പ്രതിയെ രക്ഷിക്കാന്‍ കോടതിയിലെ ക്ലാര്‍ക്കിനെ സ്വാധീനിച്ച് തൊണ്ടിമുതല്‍ മോഷ്ടിക്കുകയും അളവില്‍ വ്യത്യാസം വരുത്തുകയും ചെയ്തുവെന്നാണ് കേസ്. അടിവസ്ത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച കേസില്‍ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് കണ്ടെത്തിയാണ് കോടതി വെറുതെ വിട്ടത്.