കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതിരുന്നതില്‍ അതീവ ദു:ഖമുണ്ടെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനാണ് താന്‍. പങ്കെടുക്കാത്തതിന്‍റെ കാരണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് വ്യക്തമാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
നാളത്തെ കോണ്‍ഗ്രസിന്‍റെ റോഡ് മാപ്പ് തയ്യാറാക്കിയ ചിന്തന്‍ ശിബിരമാണ് നടന്നത്. അതിനെ സ്വാഗതം ചെയ്യുന്നു. താന്‍ കളിച്ചുവളര്‍ന്ന, തന്റെ വീടുപോലുള്ള കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തില്‍ പങ്കെടുക്കാനാവാത്തതില്‍ അതീവ ദുഖമുണ്ട്.
പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. അങ്ങേയറ്റം മനോവ്യഥ എനിക്കുണ്ടായിട്ടുണ്ട്. പങ്കെടുക്കാതിരുന്നതിന്‍റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ല. അത് സോണിയഗാന്ധിയെ അറിയിക്കും.
കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റാണ് തന്നെ ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിച്ചത്. ഒരു നേതാക്കളോടും പ്രവര്‍ത്തകരോടും വ്യക്തിവൈരാഗ്യമില്ല. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.