മണ്ണാര്‍ക്കാട് : അട്ടപ്പാടി മധു വധക്കേസില്‍ പതിനേഴാം സാക്ഷിയും കൂറു മാറി. ഇതോടെ കൂറു മാറിയ സാക്ഷികളുടെ എണ്ണം ഏഴായി. പതിനേഴാം സാക്ഷി കെ.സി.ജോളിയാണ് കൂറു മാറിയത്.
മധുവിനെ പിടിച്ചുകൊണ്ടു വരാനായി മുക്കാലിയിലുള്ളവര്‍ കാട്ടിലേക്കു പോകുന്നതു കണ്ടെന്നും തിരിച്ചു വരുമ്പോള്‍ അവര്‍ക്കൊപ്പം മധുവുമുണ്ടായിരുന്നെന്നും മജിസ്‌ട്രേട്ടിനും പൊലീസിനും മൊഴി നല്‍കിയ ജോളി എന്ന ആളാണ് ചിണ്ടക്കിയില്‍ ചായക്കട നടത്തിയിരുന്ന ജോളി.
മജിസ്‌ട്രേട്ടിനു മൊഴി നല്‍കിയത് പൊലീസ് പറഞ്ഞതനുസരിച്ചാണെന്നും പൊലീസിനു മൊഴി നല്‍കിയിട്ടില്ലെന്നും ജോളി കോടതിയില്‍ പറഞ്ഞു. സംഭവം അറിയുന്നതു പത്രങ്ങളില്‍ നിന്നും ടിവിയില്‍ നിന്നുമാണെന്നും പൊലീസ് നിരന്തരം വിളിക്കുന്നതിനാലാണ് കഴിഞ്ഞ ദിവസം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതെന്നും മൊഴി നല്‍കി. വിറ്റ്‌നസ് പ്രോട്ടക്ഷന്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തിന്റെ മറവില്‍ പൊലീസ് സാക്ഷികളെ ബലമായി പിടിച്ചു വച്ച് കോടതിയില്‍ കള്ളം പറയിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ ആരോപിച്ചു.
പ്രോസിക്യൂഷനു അനുകൂലമായി പറഞ്ഞ പതിമൂന്നാം സാക്ഷി പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കുന്നതെന്നും മൊഴി വിശ്വസനീയമല്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. അതേ സമയം മധുവിനെ മര്‍ദിക്കുന്നത് കണ്ടുവെന്ന് കൃത്യമായ മൊഴിയാണ് സാക്ഷി പറഞ്ഞതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന്‍ പറഞ്ഞു.നാളെ ജോളിയെയും പതിനെട്ടാം സാക്ഷി വനം വകുപ്പ് വാച്ചര്‍ കാളിമൂപ്പനെയും വിസ്തരിക്കും.