Sunday, April 27, 2025

HomeNewsKeralaബഫര്‍ സോണ്‍: മന്ത്രിസഭാ തീരുമാനം പ്രഹസനം; കേരളത്തെ ചതിച്ചത് സംസ്ഥാന വനംവകുപ്പ്: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

ബഫര്‍ സോണ്‍: മന്ത്രിസഭാ തീരുമാനം പ്രഹസനം; കേരളത്തെ ചതിച്ചത് സംസ്ഥാന വനംവകുപ്പ്: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

spot_img
spot_img

കോട്ടയം: ബഫര്‍സോണ്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുകമറ സൃഷ്ടിച്ച് ഒളിച്ചുകളിക്കുകയാണെന്നും ജൂലൈ 27 ലെ മന്ത്രിസഭാ തീരുമാനം പ്രഹസനമായി മാറിയിരിക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതി രേഖകള്‍ വ്യക്തമാക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കേരളത്തിലെ വന്യമൃഗസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിര്‍ത്തി നിര്‍ണ്ണയിച്ചത് സംസ്ഥാന സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്. കേന്ദ്രസര്‍ക്കാര്‍ വനാതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് കേരളത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. കേരളം നിശ്ചയിച്ച അതിര്‍ത്തികള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്.

അന്തിമവിജ്ഞാപനം ഇതുവരെയും പ്രഖ്യാപിക്കാത്ത സ്ഥിതിക്ക് ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിശ്ചയിച്ച് അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുമെന്ന് തെളിയിക്കുന്ന വ്യക്തമായ രേഖകളുണ്ട്. നിവവിലുള്ള വനനിയമത്തിന്റെ പോലും വ്യക്തമായ ലംഘനങ്ങള്‍ വനംവകുപ്പ് ബഫര്‍സോണ്‍, പരിസ്ഥിതിലോല വിഷയത്തില്‍ നടത്തിയിരിക്കെ ഭരണ അധികാരത്തിന്റെ മറവില്‍ ജനങ്ങളെ വിഢികളാക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ല.

മന്ത്രിസഭാതീരുമാനവും വനംവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനങ്ങളും കോടതികള്‍ മുഖവിലയ്‌ക്കെടുക്കില്ല. പാസ്സാക്കിയ നിയമമാണ് കോടതി പരിഗണിക്കുന്നത്. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തുവാന്‍ നിലവില്‍ ഒരു തടസ്സവുമില്ലെന്നിരിക്കെ കര്‍ഷകഭൂമി കയ്യേറി വനവല്‍ക്കരണത്തിനായി ജനപ്രതിനിധികളും ഭരണസംവിധാനങ്ങളും കൂട്ടുനില്‍ക്കുന്നത് വനംവകുപ്പിന്റെ വന്‍ രാജ്യാന്തര സാമ്പത്തിക ഇടപാടിന്റെ ഭാഗമാണ്.

റവന്യൂ ഭൂമിയില്‍ വനംവകുപ്പിന് അധികാരമില്ലന്നിരിക്കെ കൃഷി, റവന്യൂ വകുപ്പുകളുടെയും നിശബ്ദത സംശയം ജനിപ്പിക്കുന്നു. കൃഷിഭൂമി കയ്യേറി ഭാവിയില്‍ ജനങ്ങളെ കുടിയിറക്കി വനമാക്കി മാറ്റുവാന്‍ ആരെയും അനുവദിക്കില്ല. സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച രേഖകളെല്ലാം വിവരാവകാശനിയമത്തിലൂടെ കര്‍ഷകര്‍ പുറത്തുകൊണ്ടുവരുമ്പോള്‍ വനംവകുപ്പിന്റെ ചതിക്കുഴികള്‍ പൊതുസമൂഹത്തിന് വളരെ കൃത്യമായി വ്യക്തമാകുമെന്നും ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമായി ജനപ്രതിനിധികള്‍ അധഃപതിക്കുന്നത് സാക്ഷരസമൂഹത്തിന് അപമാനകരമാണെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments