വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ ഇടയലേഖനം. ലത്തീൻ പള്ളികളിൽ ഇന്നു വായിച്ച ഇടയ ലേഖനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
തുറമുഖ നിർമ്മാണം നിർത്തിവെച്ച് പ്രദേശവാസികളെ ഉൾപ്പെടുത്തി ശാസ്ത്രീയമായ പഠനം നടത്തമെന്നും തീരശോഷണത്തിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നും അതിരൂപത ആവശ്യപ്പെട്ടു.
രൂപതകൾ കേന്ദ്രീകരിച്ച് സമരം ശക്തമാക്കാൻ ആഹ്വാനം ചെയ്ത ഇടയ ലേഖനത്തിൽ ക്യാമ്പുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്ക് താൽക്കാലികമായി പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി ആകരുത് വികസനമെന്നും തീരദേശവാസികൾ അറബിക്കടലിൽ മുങ്ങിത്താഴുകയാണെന്നും ചൂണ്ടിക്കാട്ടി.
രൂപതകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനും സഹായമെത്രാൻ ക്രിസ്തുദാസ് ആഹ്വാനം ചെയ്തു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി, സഭാവിശ്വാസികൾ രംഗത്തിറങ്ങാനും ഇടയലേഖനത്തിലൂടെ ലത്തീൻ സഭ ആഹ്വാനം ചെയ്യുന്നുണ്ട്.
2017ലാണ് തുറമുഖം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അടുത്ത വർഷം ആദ്യം തുറമുഖത്ത് കപ്പലടുപ്പിക്കും വിധം നിർമാണം പൂർത്തിയാക്കണമെന്ന് അദാനി പോർട് കമ്പനിയോട് സർക്കാർ നിർദേശിച്ചിരുന്നു. കരാർ പ്രകാരം വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകേണ്ടിയിരുന്നത് 2019 ഡിസംബർ മൂന്നിനായിരുന്നു.
എന്നാൽ 2024 ഡിസംബർ 3ന് പൂർത്തിയാക്കാമെന്നാണ് അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. സമയം നീട്ടിച്ചോദിച്ചതിൽ സർക്കാർ അതൃപ്തി അറിയിക്കുകയും കരാർ ലംഘനത്തിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പുതുക്കിയ ഷെഡ്യൂളിന് അംഗീകാരം നേടി നിയമപ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ അദാനി പോർട്‌സ് സിഇഒ കരൺ അദാനി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു