തൃശൂര്‍: തൃശൂരില്‍ മങ്കി പോക്സ് ലക്ഷണങ്ങളോടെ മരിച്ച 22കാരന്റെ സമ്ബര്‍ക്ക പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കി.
യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്‌ബാള്‍ കളിച്ചവരുമാണ് നിരീക്ഷണത്തിലുള്ളത്.
യുവാവിനെ 21ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവന്ന നാലുപേരും നിരീക്ഷണത്തിലുണ്ട്. റൂട്ട് മാപ്പില്‍ ചാവക്കാട്, തൃശൂര്‍ സ്വകാര്യ ആശുപത്രികളുമുണ്ട്. ഫുട്‌ബാള്‍ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. ആദ്യം പ്രാദേശിക ഹെല്‍ത്ത് സെന്ററിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ യുവാവിനെ പരിചരിച്ച ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്.
യുവാവിന്റെ സ്രവ പരിശോധനാ ഫലം തിങ്കളാഴ്ച കിട്ടിയേക്കും. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനക്ക് പിന്നാലെ പുണെ ലാബിലേക്ക് സാമ്ബിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.