ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് എറണാകുളത്തെ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകളാണ് രാവിലെ പത്ത് മണിക്ക് തുറന്നത്. ഒരു സെക്കന്‍ഡില്‍ 50 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരും. ഇതേ തുടര്‍ന്ന് തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളം ആദ്യം ഒഴുകി എത്തുന്നത് ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുന്നതുകൊണ്ട് വെള്ളം വേഗത്തില്‍ പെരിയാറിലെത്തും. ഷട്ടറുകള്‍ തുറന്ന് ഏഴ് മണിക്കൂറിന് ശേഷം നെടുമ്പാശ്ശേരി ഭാഗത്തെത്തുമെന്നാണ് ഭരണകൂടം വിലയിരുത്തുന്നത്.