തിരുവനന്തപുരം: ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് പിശകെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്.
സംഘപരിവാര്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സി.പി.എമ്മിന് വിശദീകരണം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. പാര്‍ട്ടി നിലപാടിനോട് യോജിക്കുന്നു. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് തിരുവനന്തപുരത്ത് വന്നത്. പാര്‍ട്ടി നേതൃത്വം വിളിപ്പിച്ചതല്ലെന്നും ബീന ഫിലിപ്പ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തത് മേയറായിരുന്നു. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്.
കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നും മേയര്‍ ബീന ഫിലിപ്പ് പരിപാടിയില്‍ പറഞ്ഞിരുന്നു. പ്രസവിക്കുമ്ബോള്‍ കുട്ടികള്‍ മരിക്കുന്നില്ല എന്നതിലല്ല, മറിച്ചു കുട്ടിക്കാലത്തു കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനമെന്നും മേയര്‍ പറഞ്ഞു.
മേയറുടെ നടപടി വിവാദമായതോടെ ബീന ഫിലിപ്പിനെ തള്ളി സി.പി.എം രംഗത്തെത്തി. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല. മേയറുടെ സമീപനം സി.പി.എം എല്ലാ കാലത്തും ഉയര്‍ത്തിപ്പിടിച്ച പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് പാര്‍ട്ടിക്ക് ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍ മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുകതാണെന്നും സി.പി.എം ജില്ല സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു