കോഴിക്കോട്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്കൂളില്‍ ഒരുമിച്ച് ഇരിക്കുന്നത് അപകടമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്സിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരുമിച്ചിരിക്കുമ്ബോള്‍ കുട്ടികളുടെ ശ്രദ്ധ പഠനത്തില്‍ നിന്ന് മാറും. ആണ്, പെണ് വ്യത്യാസമില്ലാതെ കുട്ടികളെ ഒരു ബെഞ്ചിലിരുത്തി പഠിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതുകൊണ്ടാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ ലീഗ് നിലപാട് സ്വീകരിക്കുന്നത്.
ലിംഗ സമത്വത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ ലിബറലിസം കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമം. എല്ലാ മതവിശ്വാസികളും ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് എതിരാണ്. എല്ലാ മതവിശ്വാസികളുടേയും താല്‍പ്പര്യമാണ് ലീഗ് പറയുന്നത്.
ധാര്‍മ്മിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു തലമുറയാണ് രാജ്യത്തിന് ആവശ്യം. അല്ലാതെ ലിബറലും ഫ്രീ സെക്സുമായി മുന്നോട്ടുപോകുമ്ബോഴാണ് രാജ്യത്ത് അരാജകത്വമുണ്ടാകുന്നത്. ഇതിന് തടയിടേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.