കോലഞ്ചേരി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുന്‍ ഡല്‍ഹി, ബംഗളൂരു ഭദ്രാസനാധിപന്‍ പത്രോസ് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത (59) കാലംചെയ്തു. കോയമ്പത്തൂര്‍ കുപ്പുസ്വാമി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. ഖബറടക്ക ശുശ്രൂഷകള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഉദയഗിരി വെട്ടിക്കല്‍ എം.ഒ.എസ്.ടി. സെമിനാരിയിലെ സെന്റ് അപ്രേം ചാപ്പലില്‍ നടക്കും.
തൃശ്ശൂര്‍ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ്. 1963 നവംബര്‍ 12ന് കുന്നുകുളം പുലിക്കോട്ടില്‍ കുടുംബത്തില്‍ പരേതനായ പി.സി. ചാക്കോയുടെയും ശലോമി ചാക്കോയുടെയും മകനായി ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസവും, കോളേജ് വിദ്യാഭ്യാസവും കോയമ്പത്തൂരിലായിരുന്നു.
മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എയും, വെട്ടിക്കല്‍ എം.എസ്.ഒ.റ്റി സെമിനാരിയില്‍നിന്ന് ബാച്ചിലര്‍ ഓഫ് തിയോളജിയും, കൊല്‍ക്കത്ത ബിഷപ്സ് കോളേജില്‍ നിന്ന് ബി.ഡിയും, ബംഗളൂരു ധര്‍മ്മരം വിദ്യാക്ഷേത്രത്തില്‍ നിന്ന് മാസ്റ്റര്‍ ഓഫ് തിയോളജിയും കരസ്ഥമാക്കി. കോയമ്പത്തൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ അംഗത്വം സ്വീകരിച്ചു.
മോര്‍ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. മോര്‍ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയില്‍ നിന്ന് 1993 ഡിസംബര്‍ 19 ന് കോറൂയോ പട്ടവും, 1995 ആഗസ്റ്റ് 6 ന് കശ്ശീശാ പട്ടവും സ്വീകരിച്ചു. 2006 ജൂലൈ 3 ന് വടക്കന്‍ പറവൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ മോര്‍ ഒസ്താത്തിയോസ് പത്രോസ് എന്ന നാമത്തില്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തി.