നിപ്പ ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നേഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. ഫെയ്‌സ്ബുക്കിലൂടെ സജീഷ് തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്.
അധ്യാപികയായ കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് വധു. ഈ മാസം 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം.
‘ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്‌നേഹവും കൂടെ തന്നെ വേണം’ സജീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കൊയിലാണ്ടി പന്തലായനി സ്വദേശിയാണ് പ്രതിഭ, അധ്യാപികയാണ്. പ്രതിഭയ്‌ക്കൊരു മകളുണ്ട്, ദേവപ്രിയ . പുതിയൊരാൾ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ പഴയ ഓർമകളെ ഉപേക്ഷിക്കുന്ന ചിലരുണ്ടാകും. എന്നാൽ എന്റെ ജീവിതത്തിൽ ലിനി എപ്പോഴും ഒരു നിഴലായി കൂടെ ഉണ്ടാകും. എന്റെ മക്കളെ സ്വന്തം മക്കളായി ചേർത്തു പിടിക്കാനുള്ള പക്വത അവൾക്കുണ്ട്. അങ്ങനെ ഒരാളെയാണ് ഞാൻ ക്ഷണിച്ചിരിക്കുന്നത്.സജീഷ് കുറിച്ചു
മക്കളുടെ കാര്യം നോക്കാന്‍ ഒരാള്‍ വേണമെന്ന ബോധ്യത്തെത്തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് സജീഷുമായി അടുപ്പമുള്ളവര്‍ പറയുന്നു. വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുന്നത്. ഉറ്റബന്ധുക്കള്‍ക്ക് പുറമെ അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കും.
2018ലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സായിരുന്ന ലിനി നിപ്പ ബാധിച്ച് മരിച്ചത്. നിപ്പ ബാധിതരെ മറ്റൊന്നും നോക്കാതെ ശുശ്രൂഷിച്ചാണ് ലിനി മരണത്തിലേക്ക് പോയത്. അന്ന് ആശുപത്രികിടക്കയില്‍ കിടന്നുകൊണ്ട് ലിനി എഴുതിയ കത്ത് അന്ന് ഏറെ ഹൃദയസ്പര്‍ശിയായിരുന്നു.
ലിനി മരിക്കുമ്പോള്‍ ഗള്‍ഫിലായിരുന്ന സജീഷ് ഉടന്‍തന്നെ നാട്ടിലെത്തി. സജീഷിന് പിന്നീട് സര്‍ക്കാര്‍ ജോലി നല്‍കി.