വടകര: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് അമ്മയായി ഇനി പ്രതിഭ.
ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയില്‍ വച്ച് നടന്നു.
ലിനിയുടെ കുടുംബത്തിലേക്ക് മക്കൾക്ക് കൂട്ടായി രണ്ട് പേർ കൂടിയെത്തി. പ്രതിഭയുടെ മകളുൾപ്പെടെ മൂന്ന് മക്കളുടെയും കൈ പിടിച്ച് സജീഷും പ്രതിഭയും പുതിയ ജീവിതത്തിലേക്ക്.
വടകര ലോകനാർകാവ് ക്ഷേത്രത്തിലാണ് സജീഷിന്‍റെയും പ്രതിഭയുടെയും വിവാഹം നടന്നത്. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിനിയാണ് പ്രതിഭ. സജീഷിന്‍റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ പങ്കെടുത്ത ചെറിയ ചടങ്ങ് മാത്രമേ വിവാഹത്തോടനുബന്ധിച്ച് ഉണ്ടായിരുന്നുള്ളു.
പുതിയൊരു ജീവിതത്തിലേക്ക് പോകുമ്ബോള്‍ അതിന്റെ ടെന്‍ഷനും കാര്യങ്ങളും ഉണ്ടെന്ന് സജീഷ് തുറന്നു പറയുന്നു.
‘ഇപ്പോള്‍ റിതുലും സിദ്ധാര്‍ഥും മാത്രമല്ല, ഒരു മോളും കൂടെയുണ്ട്. ഇനിയുള്ള ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം. വിവാഹ കാര്യം തീരുമാനിച്ചപ്പോള്‍ തന്നെ ആദ്യം വിളിച്ചത് ശൈലജ ടീച്ചറെയാണ്. ടീച്ചറോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. കല്യാണത്തിന് ശേഷം നേരിട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്’, സജീഷ് പറയുന്നു.
മൂന്ന് മക്കളെയും ഒരുപോലെ കണ്ട്, സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ കഴിയണേ എന്നതാണ് തന്റെ ആഗ്രഹമെന്ന് പ്രതിഭയും പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് മക്കൾക്ക് അമ്മയായി മാറാൻ സജീഷിന്‍റെ ജീവിതത്തിലേക്ക് പ്രതിഭയെത്തുന്ന കാര്യം സജീഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. റിതുലിനും സിദ്ധാർഥിനും അമ്മയും ചേച്ചിയുമായി ഇവരും കൂടെയുണ്ടാകും. എല്ലാവരുടെയും പ്രാർഥനകളും ആശംസകളും ഞങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് പറഞ്ഞായിരുന്നു സജീഷ് വിവാഹ വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.