മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ കൊലപാതക കുറ്റം ചുമത്തി അന്വേഷണ സംഘം. എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസ് അന്വേഷണ രേഖകള്‍ തിരൂര്‍ കോടതിക്ക് കൈമാറി.
302 (കൊലപാതക കുറ്റം), 342 (അന്യായമായി തടങ്കില്‍ വെക്കുക), 346 (രഹസ്യമായി അന്യായമായി തടങ്കില്‍ വെക്കല്‍), 348 (ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക), 330 (ഭയപ്പെടുത്തി മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിക്കല്‍), 323 (ദേഹോപദ്രവം ഏല്‍പ്പിക്കല്‍), 324 (ആയുധം ഉപയോഗിച്ച് മര്‍ദ്ദിച്ച് ഗുരുതര പരിക്ക് ഏല്‍പ്പിക്കല്‍), 34 (സംഘം ചേര്‍ന്നുള്ള അതിക്രമം) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസ് പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റും.
നേരത്തെ താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും കുടുംബം പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
താമിര്‍ ജിഫ്രിക്ക് ക്രുരമായി മര്‍ദ്ദനമേറ്റുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പടെ വ്യക്തമായിരുന്നു. താമിറിനെതിരെ ക്രൂര പീഡനമാണ് പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഒപ്പം പിടിയിലായവര്‍ വെളിപ്പെടുത്തിയത്.