ന്യൂഡല്‍ഹി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 25 വിമാനത്താവളങ്ങള്‍ക്കൊപ്പം സ്വകാര്യവത്കരിക്കുമെന്നും കണ്ണൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് നിലവില്‍ നിര്‍ദേശമില്ലെന്നും വ്യോമയാന സഹമന്ത്രി വി.കെ. സിങ് രാജ്യസഭയില്‍ അറിയിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ കേരള സര്‍ക്കാരിന് 39.23 ശതമാനം ഓഹരികളാണുള്ളത്. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 25.44 ശതമാനവും വ്യക്തികള്‍ക്കും ബാങ്കുകള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമായി 35.33 ശതമാനവും ഓഹരിയുണ്ട്.
ഇതില്‍ക്കൂടുതല്‍ സ്വകാര്യവത്കരണത്തിന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ബോര്‍ഡ് തീരുമാനിക്കുകയോ ചര്‍ച്ചചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ഭുവനേശ്വര്‍, വാരാണസി, അമൃത്സര്‍, തിരുച്ചിറപ്പള്ളി, ഇന്ദോര്‍, റായ്പുര്‍, കോയമ്പത്തൂര്‍, നാഗ്പുര്‍, പട്‌ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പുര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപാല്‍, തിരുപ്പതി, ഹുബ്ലി, ഇംഫാല്‍, അഗര്‍ത്തല, ഉദയ്പൂര്‍, ദെഹ്?റാദൂന്‍, രാജമുദ്രി എന്നീ വിമാനത്താവളങ്ങള്‍ക്കൊപ്പം കോഴിക്കോടും 2025-നുള്ളില്‍ സ്വകാര്യവത്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.