കൊച്ചി: നിയമാനുസൃത കുര്‍ബാന അര്‍പ്പിക്കാന്‍ വിസമ്മതിച്ച് പാപത്തില്‍ പങ്കുചേരരുതെന്ന് വത്തിക്കാന്‍ പ്രതിനിധി ആര്‍ച് ബിഷപ് മാര്‍ സിറില്‍ വാസില്‍.തുടര്‍ച്ചയായ പ്രതിഷേധവും തിരസ്‌കരണവും സഭക്ക് വലിയ ദോഷം ചെയ്യുമെന്നും മറ്റുള്ളവരുടെ മുന്നില്‍ അപവാദത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
സിറോ മലബാര്‍ സഭ ആസ്ഥാനത്ത് എറണാകുളം-അങ്കമാലി അതിരൂപതക്ക് വേണ്ടി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഏകീകൃത കുര്‍ബാനക്കെതിരെ രംഗത്തുവന്നവരെ രൂക്ഷമായി വിമര്‍ശിച്ചത്. തിങ്കളാഴ്ച വൈകീട്ട് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെത്തിയ സിറില്‍ വാസിലിനെ അതിരൂപത സംരക്ഷണ സമിതിയുടെയും അല്‍മായ മുന്നേറ്റത്തിന്റെയും നേതൃത്വത്തില്‍ തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഏകീകൃത കുര്‍ബാന അര്‍പ്പണം നടപ്പാക്കാനാണ് എത്തിയതെന്ന സിറില്‍ വാസിലിന്റെ നിലപാടാണ് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവരെ പ്രകോപിപ്പിച്ചത്.
പരിശുദ്ധ സിംഹാസനത്തില്‍നിന്ന് ലഭിച്ച കത്തില്‍ സിറോ മലബാര്‍ സഭയിലൊന്നടങ്കം ഏകീകൃത കുര്‍ബാന അര്‍പ്പണരീതി നടപ്പാക്കണമെന്ന് വ്യക്തമായി ആവശ്യപ്പെടുന്നുണ്ടെന്ന് സിറില്‍ വാസില്‍ പറഞ്ഞു.
ഉത്തരവാദപ്പെട്ടവര്‍ അംഗീകരിച്ച ഈ തീരുമാനം ഇനിയും അനന്തമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനാവില്ല. സഭയുടെ നന്മക്കും ഐക്യത്തിനും വേണ്ടി കുര്‍ബാന അര്‍പ്പണത്തിന് ഏകീകൃത രീതി ഉടന്‍ നടപ്പാക്കണമെന്നാണ് മാര്‍പാപ്പ നിര്‍ദേശിച്ചിട്ടുള്ളത്. നിയമവിരുദ്ധ പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ദൈവാനുഗ്രഹം ഉണ്ടാകില്ല- അദ്ദേഹം പറഞ്ഞു.