കൊച്ചി: ഷോപ്പിങ് മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ച ഇൻഫോപാര്‍ക്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂര്‍ സ്വദേശിയും ഇൻഫോപാര്‍ക്ക് ജീവനക്കാരനുമായ മുല്ലഴിപ്പാറ ഹൗസില്‍ അഭിമന്യൂ (23) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പര്‍ദ ധരിച്ചാണ് ഇയാള്‍ മാളിലെത്തിയത്. തുടര്‍ന്ന് സ്ത്രീകളുടെ ശുചിമുറിയില്‍ കടന്നുകയറി മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് ഒളിപ്പിച്ചു വെക്കുകയായിരുന്നു.
ശുചിമുറിയിലെത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി കണ്ടെത്തി. ഇവിടെ പര്‍ദയിട്ട് സംശയാസ്പദരീതിയില്‍ ചുറ്റിത്തിരിയുന്നത് കണ്ട ഇയാളെ സുരക്ഷാജീവനക്കാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പുരുഷനാണെന്ന് മനസ്സിലായത്. തുടര്‍ന്ന് കളമശ്ശേരി പൊലീസില്‍ വിവരമറിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഒളികാമറ വെച്ച വിവരം ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് ഫോണ്‍ കണ്ടെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.