തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാര്‍ (34) വധക്കേസില്‍ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്.
തിരുവനന്തപുരം അഡീഷനല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞദിവസം രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കേസിലെ ഒമ്ബതു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. തെളിവില്ലെന്ന കാരണത്താലാണ് ഒമ്ബതു പ്രതികളെ വെറുതെ വിട്ടത്.
രണ്ടു പ്രതികളും 2.40 ലക്ഷം രൂപ പിഴയും അടക്കണം. ഈ തുക രാജേഷിന്റെ കുടുംബത്തിന് നല്‍കണം. ഇരുപ്രതികളും 10 വര്‍ഷം കഠിന തടവ് അനുഭവിച്ച ശേഷമാണ് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടത്. നീചമായ കൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും വധശിക്ഷക്ക് മാര്‍ഗരേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നല്‍കാത്തതെന്നും കോടതി വ്യക്തമാക്കി.
2018 മാര്‍ച്ച് 27 നാണ് റോഡിയോ ജോക്കിയായ രാജേഷ് കൊല്ലപ്പെടുന്നത്.. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ചു കയറല്‍, മാരകമായി മുറിവേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. നാല് മുതല്‍ 12 വരെ പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നല്‍കിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുല്‍ സത്താറിനെ പിടികൂടാനായിട്ടില്ല.
മടവൂര്‍ പടിഞ്ഞാറ്റേല ആശ നിവാസില്‍ രാജേഷിനെ 2018 മാര്‍ച്ച് 27ന് പുലര്‍ച്ചെ 2.30നാണ് മടവൂര്‍ ജങ്ഷനിലെ സ്വന്തം സ്ഥാപനമായ മെട്രാസ് റെക്കോഡിങ് സ്റ്റുഡിയോയിലിരിക്കെ വെട്ടിക്കൊന്നത്. സുഹൃത്ത് വെള്ളല്ലൂര്‍ സ്വദേശി കുട്ടന് (50) തോളിനും കൈക്കും വെട്ടേറ്റിരുന്നു.
10 വര്‍ഷത്തോളം സ്വകാര്യ ചാനലില്‍ റോഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണില്‍ ഖത്തറില്‍ ജോലി ലഭിച്ചിരുന്നു. പത്തു മാസം അവിടെ ജോലി ചെയ്തു. 2017 മേയില്‍ മടങ്ങിയെത്തിയ ശേഷം റെക്കോഡിങ് സ്റ്റുഡിയോ ആരംഭിക്കുകയും നാടൻപാട്ട് സംഘത്തില്‍ ചേരുകയും ചെയ്തിരുന്നു. ഖത്തറിലായിരുന്നപ്പോള്‍ അബ്ദുല്‍ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്.