കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ചു നല്ലതു പറഞ്ഞതിനു മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചു വിട്ടതായി പരാതി.
പുതുപ്പള്ളി സ്വദേശിയായ പിഒ സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിനെക്കുറിച്ച് ടെലിവിഷൻ ചാനലുകള്‍ ചോദിച്ചപ്പോഴാണ് അവര്‍ ഉമ്മൻ ചാണ്ടിയെക്കുറിച്ചു പറഞ്ഞത്. പിന്നാലെയാണ് ജോലിക്ക് ഇനി മുതല്‍ വരേണ്ടെന്നു അധികൃതര്‍ അവരെ അറിയിച്ചതെന്നും പരാതിയില്‍ പറയുന്നു.
13 വര്‍ഷമായി ചെയ്യുന്ന ജോലിയാണ് നഷ്ടമായത്. ഉമ്മൻ ചാണ്ടി ചെയ്ത സഹായങ്ങള്‍ മാത്രമാണ് താൻ പറഞ്ഞതെന്നും സതിയമ്മ വ്യക്തമാക്കി.
മകൻ അപകടത്തില്‍ മരിച്ച ശേഷം ഉമ്മൻ ചാണ്ടിയാണ് തങ്ങളെ സഹായിച്ചത്. ഇക്കാര്യം മാത്രമാണ് താൻ ചാനലുകളില്‍ പറഞ്ഞത്. ഈ ജോലിയാണ് തങ്ങളുടെ ഏക വരുമാന മാര്‍ഗമെന്നു അവര്‍ വ്യക്തമാക്കി.
മൃഗാശുപത്രിയില്‍ താത്കാലിക ജീവനക്കാരിയായിരുന്നു സതിയമ്മ. നേരത്തെ വൈക്കത്തായിരുന്നു ജോലി. ഇതു അവസാനിച്ച ശേഷം കുടുംബശ്രീ വഴിയാണ് പുതുപ്പള്ളിയില്‍ അവര്‍ ജോലിക്ക് കയറിയത്.
സംഭവത്തിനു പിന്നാലെ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ പ്രതികരണവുമായി രംഗത്തെത്തി. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറയുന്നവരാണോ ഇതൊക്കെ ചെയ്യുന്നതെന്നു അദ്ദേഹം ചോദിച്ചു. അവര്‍ ഉമ്മൻ ചാണ്ടി ചെയ്ത സഹായത്തെക്കുറിച്ചു മാത്രമാണ് പറഞ്ഞത്. തങ്ങള്‍ക്കെതിരെ ആരെങ്കിലും പറഞ്ഞാല്‍ അവര്‍ തങ്ങളുടെ പരിധിയിലാണെങ്കില്‍ അവരെ ദ്രോഹിക്കുക എന്നതാണ് രീതിയെന്നും ചാണ്ടി ഉമ്മൻ വിമര്‍ശിച്ചു.
അതേസമയം കുടുംബശ്രീ വഴിയാണ് സതിയമ്മയെ ജോലിക്കെടുത്തതെന്നും അവരുടെ ഊഴം അവസാനിച്ചതിനാലാണ് ഒഴിവാക്കിയതെന്നും മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.