എറണാകുളം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്താം തീയതിക്കുള്ളില്‍ ശമ്ബളം നല്‍കണമെന്ന് ഹൈക്കോടതി .
ഇതിന് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാക്കി. സര്‍ക്കാര്‍ സഹായം കെ എസ് ആര്‍ ടി സിക്ക് നിഷേധിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. അതേസമയം കെ എസ് ആര്‍ ടി സിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ശമ്ബളം വൈകുന്നതിനെതിരെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു. ജൂലൈ മാസത്തെ ശമ്ബളം പൂര്‍ണമായി വിതരണം ചെയ്തതായി കെ എസ് ആര്‍ ടി സി അധികൃതര്‍ ഹര്‍ജി പരിഗണിക്കെ കോടതിയില്‍ വ്യക്തമാക്കി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെയായിരുന്നു ജുലൈ മാസത്തിലെ ശമ്ബളം കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ലഭിച്ചത്.
അതേസമയം ഓണം പ്രമാണിച്ച് പ്രഖ്യാപിച്ച അഡ്വാൻസും അലവൻസും ഇന്നുമുതലാകും പൂര്‍ണ്ണമായി ലഭിക്കുക. 7500 രൂപ അഡ്വാൻസും 2750 രൂപ അലവൻസുമാണ് നല്‍കുന്നത്. ശമ്ബള വിതരണത്തിനായി 70 കോടി രൂപ സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിക്ക് കഴിഞ്ഞ ദിവസം കൈമാറുകയും ചെയ്തിരുന്നു.