തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായാല്‍ എല്ലാവിധ സഹായങ്ങളും കേരളം നല്‍കും. വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
‘ഇനി കുട്ടിക്ക് ആ സ്കൂളില്‍ പഠിക്കാന്‍ സാധിക്കില്ല. സ്കുള്‍ തന്നെ പൂട്ടാന്‍ പോവുന്നു എന്നാണ് കേട്ടത്. ആ കുട്ടിയെ കേരളം ഇവിടേക്ക് ക്ഷണിക്കുകയാണ്. പഠനത്തിന് വേണ്ട എല്ലാ സൌകര്യങ്ങളും ഇവിടെ ഒരുക്കുന്നത്. അച്ഛനും അമ്മയ്ക്കും ഇഷ്ടമാണെങ്കില്‍ അവര്‍ ആലോചിച്ച് തീരുമാനം എടുക്കട്ടെ. എന്ത് തന്നെയായാലും ആ കുട്ടിയെ ദത്ത് എടുത്ത് പഠിപ്പിക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണ്’, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
നേഹ പബ്ലിക് സ്കൂളില്‍ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി.