തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്കും തമിഴ്നാടിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഒപ്പം റായലസീമ മുതൽ കന്യാകുമാരി മേഖല വരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നതിനാൽ അടുത്ത മൂന്ന് ദിവസം കേരളത്തിലെ എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ബുധനാഴ്ച 12 ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉച്ചക്ക് ശേഷം കുറഞ്ഞ സമയത്തിൽ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാം. തുടക്കത്തിൽ മലയോര മേഖലയിലും തുടർന്ന് ഇടനാട്, തീരദേശ മേഖലയിലേക്കും വ്യാപിക്കാനാണ് സാധ്യത. അതിനാല്‍ മലയോര മേഖല പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.