ഫോര്‍ട്ട്‌കൊച്ചിയില്‍ മല്‍സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്.
ഉച്ചക്ക് 12ഓടെ മത്സ്യബന്ധനം കഴിഞ്ഞ് ബോട്ടില്‍ മടങ്ങുമ്പോഴാണ് സംഭവം. ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി.
നാവിക പരിശീലന കേന്ദ്രത്തിന് സമീപത്താണ് സംഭവമുണ്ടായതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സെബാസ്റ്റിയന്റെ ചെവിക്കാണ് വെടിയേറ്റത്. സെബാസ്റ്റിയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ആരാണ് വെടിവെച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. തീരദേശ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ വച്ചാണ് സെബാസ്റ്റിയന് വെടിയേറ്റത്. നാവികസേന ഉപയോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റാണ് സെബാസ്റ്റിയന്റെ ചെവിയുടെ ഭാഗത്ത് തുളഞ്ഞുകയറിയത്.
ഇതേ സമയം വെടിവെച്ചത് തങ്ങളല്ലെന്ന് നാവികസേന വ്യക്തമാക്കി. നാവികസേന ഫയറിംഗ് പ്രാക്ടീസ് നടത്തുന്ന ബുള്ളറ്റല്ല ഇതെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.