തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പദവിയുടെ മഹത്വം മനസ്സിലാക്കണം. എന്തും പറയാന്‍ ആരാണ് ഗവര്‍ണര്‍ക്ക് അധികാരം തന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
പേഴ്സണൽ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ, മുഖ്യമന്ത്രി അറിയാതെ ചാൻസലർ നിയമിക്കുമെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കഴിയില്ലെന്നുമുള്ള ഗവര്‍ണറുടെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
ഗവർണർ പറഞ്ഞതിൽപ്പരം അസംബന്ധം ആർക്കും പറയാൻ കഴിയില്ല. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ, പിശക് ചെയ്തവർ അനുഭവിക്കുകയും ചെയ്തോട്ടെ.
മുഖ്യമന്ത്രിയുടെ ബന്ധു ഒരു വ്യക്തിയാണ്. അവര്‍ക്ക് അവരുടെ അവകാശമുണ്ട്. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ല അവര്‍ അപേക്ഷ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായതുകൊണ്ട് ഒരു ജോലിക്കും അപേക്ഷിക്കാന്‍ പറ്റില്ലെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളത്. ഗവര്‍ണര്‍ പദവി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണോ?. എന്ത് അസംബന്ധമാണ് ഗവര്‍ണര്‍ വിളിച്ച് പറയുന്നത്?മുഖ്യമന്ത്രി ചോദിച്ചു.
ഗവര്‍ണര്‍ക്ക് എന്താണ് സംഭവക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എന്തും വിളിച്ച് പറയാമെന്നാണോ ഗവര്‍ണര്‍ കരുതുന്നത്. ദേഷ്യപ്പെട്ട് കാര്യങ്ങള്‍ സാധിക്കാമെന്ന് കരുതേണ്ട. ആരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. സര്‍ക്കാര്‍ ബില്ലുകള്‍ നിയമപരമായാണ് സമര്‍പ്പിച്ചത്. ഒപ്പിടുമോയെന്ന ആശങ്കയില്ല. തടയാനാണ് ശ്രമമെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല, മുഖ്യമന്ത്രി പറഞ്ഞു.