കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ കെ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈ മാസം 13ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് ഹര്‍ഷിന അറിയിച്ചു. നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഹര്‍ഷിന മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞദിവസം കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്‍പില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചിരുന്നു. സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതി ചേര്‍ത്ത് പൊലീസ് കുന്നമംഗലം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തി വന്ന, 100 ദിവസം പിന്നിട്ട സമരത്തില്‍ നിന്ന് പിന്മാറിയത്.
പൂര്‍ണമായ നീതി ലഭിക്കുന്നതു വരെ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ഷിന അന്നേദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു. നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയതാണ്. ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നുമായിരുന്നു ഹര്‍ഷിനയുടെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരം പ്രഖ്യാപിച്ചത്.