തിരുവനന്തപുരം : സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമസഭയില്‍ മറുപടി നല്‍കി കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എ. ഇത് വരെ നേരിട്ടോ അല്ലാതെയോ പരാതിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ താൻ സി.ബി.ഐക്ക് മൊഴി നല്‍കിയിട്ടില്ലെന്നും ഗണേശ് കുമാര്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചക്കിടെ പറഞ്ഞു.
ആരേയും ഒന്നും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. ഉമ്മൻചാണ്ടിക്കെതിരെ താൻ സി.ബി.ഐക്ക് മൊഴി നല്‍കിയിട്ടില്ല. ഏത് സി.ബി.ഐക്കും ഇക്കാര്യം പരിശോധിക്കാം. കപടസദാചാരം അഭിനയിച്ച് നില്‍ക്കേണ്ട ആവശ്യവും എനിക്കില്ല. 2013 ല്‍ രാജിവെച്ച് പുറത്ത് പോയത് വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ്. ചില അഴിമതിയാരോപണങ്ങള്‍ യു.ഡി.എഫിനെതിരെ ഞാൻ നിയമസഭയില്‍ അവതരിപ്പിച്ചു, അതിന്റെ പേരില്‍ യു.ഡി.എഫുമായി ഇടഞ്ഞു. പിന്നീട് യു.ഡി.എഫില്‍ നിന്നും പുറത്ത് പോയി. വളരെ കാലത്തിന് ശേഷം എല്‍.ഡി.എഫിന്റെ ഭാഗമായെന്ന് ഗണേശ് പറഞ്ഞു. .
സോളാര്‍ കേസിന്റെ സമയത്ത് പല കോണ്‍ഗ്രസ് നേതാക്കളും സഹായം ചോദിച്ച് വന്നിരുന്നു. എന്നെ രക്ഷിക്കണം എന്ന് പറഞ്ഞ വിളിച്ച കോണ്‍ഗ്രസുകാര്‍ സഭയിലുണ്ട്. അവരുടെ പേര് പറയുന്നില്ല. ഒ.സിക്കെതിരെ താൻ സി.ബി.ഐ ക്ക് മൊഴി നല്‍കിയിട്ടില്ല. പരാതിക്കാരിയുടെ കത്ത് ഞാൻ കണ്ടിട്ടില്ല. അച്ഛൻ ബാലകൃഷ്ണപിള്ള കണ്ടിരുന്നു. കത്തില്‍ ഒ.സിയുടെ പേരില്ലെന്നാണ് മരിക്കും മുൻപ് അച്ഛൻ പറഞ്ഞത്. ഇക്കാര്യം രേഖപ്പെടുത്താൻ സി.ബി.ഐയോട് ആവശ്യപ്പെട്ടു. മരിച്ചുപോയ പിതാവിന്റെ വാക്കുകള്‍ രേഖപ്പെടുത്തണമെന്നാണ് അവരോട് പറഞ്ഞത്.
ഉമ്മൻ ചാണ്ടിയേയും ഹൈബി ഈഡനെയും കുറിച്ചും സി.ബി.ഐ ഉദ്യോഗസ്ഥര്‍ എന്നോട് ചോദിച്ചിരുന്നു. എനിക്ക് ഇവരുമായി ബന്ധപ്പെട്ട് സോളാര്‍ കേസില്‍ ഒന്നും അറിയില്ലെന്നാണ് മറുപടി നല്‍കിയത്.
തനിക്ക് മന്ത്രി കസേര പ്രശ്നം അല്ല. രാഷ്ട്രീയം മതിയാക്കേണ്ടി വന്നാലും എല്‍ഡിഎഫിനെ വഞ്ചിക്കില്ല. എല്‍.ഡി.എഫിനെ വഞ്ചിച്ച് യു.ഡി.എഫിലേക്ക് വരുമെന്ന് ആരും കരുതണ്ട. സത്യം മാത്രമേ ചെയ്തിട്ടുള്ളൂ. ഉമ്മൻചാണ്ടിയുടെ കുടുംബം നന്ദിയോടെ ഓര്‍ക്കേണ്ടത് പിണറായിയെ ആണ്. കാരണം ഒ.സിക്ക് ക്ലീൻ ചിറ്റ് കിട്ടാൻ കാരണം തന്നെ സി.ബി.ഐയാണ്. ശരണ്യ മനോജ് ഇപ്പോള്‍ കോണ്‍ഗ്രസുകാരനാണ്. മനോജ് ഇപ്പോ തനിക്ക് എതിരാണ്. ഗണേശ് കുമാര്‍ പറഞ്ഞു.