തിരുവനന്തപുരം : കോണ്‍ഗ്രസിലെ രണ്ട് മുൻ ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചതിന്റെ ഫലമാണ് ഉമ്മൻചാണ്ടി തേജോവധത്തിന് വിധേയമായതിന് പിന്നിലെന്ന് ദല്ലള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍.
ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച കത്ത് പുറത്തുവരണമെന്നും ഇവര്‍ ആഗ്രഹിച്ചെന്നും ഇതാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പിന്നിലെന്നും നന്ദകുമാര്‍ പറഞ്ഞു.
ഈ കേസ് കലാപമാകണമെന്നായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. അതിന്വി.എസ്. അച്യുതാനന്ദനെ പോലെയുള്ളയാള്‍ക്ക് മാത്രമേ കഴിയുവെന്ന് അവര്‍ക്ക് ഉത്തമബോധ്യം ഉണ്ടായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ കലാപം എല്‍.ഡി.എഫ് ഫലപ്രദമായി ഉപയോഗിച്ചു, 2016ലെ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞുവെന്നും നന്ദകുമാര്‍ വ്യക്തമാക്കി. .
പിണറായി വിജയൻ തന്നോട് കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. .എ കെ ജി സെന്ററിന് മുന്നിലുള്ള ഫ്ളാറ്റില്‍വച്ചാണ് പിണറായിയെ കണ്ടത്. ഒരു ചാനലിന് കത്ത് കൈമാറിയത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണെന്നും അതിജീവിതയുമായി സംസാരിച്ച് വ്യക്തത വരുത്തിയ ശേഷമാണ് ചാനല്‍ കത്ത് പുറത്തുവിട്ടതെന്നും നന്ദകുമാര്‍ പറഞ്ഞു.
ലാവലിൻ സമയത്ത് പിണറായി വിജയനുമായി ചില ഇഷ്ടക്കേടുകളുണ്ടായിരുന്നുവെന്നും പിന്നീട് മാറിയെന്നും നന്ദകുമാര്‍ വ്യക്തമാക്കി.കത്ത് തന്റെ കൈയില്‍ കൊണ്ടുതന്നത് ശരണ്യ മനോജാണെന്നും, അയാള്‍ അതിജീവിതയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും നന്ദകുമാര്‍ ആരോപിച്ചു. അതിജീവിതയ്ക്ക് 1.25 ലക്ഷം രൂപ നല്‍കി. ശരണ്യമനോജിന് ഇതിനകത്ത് സാമ്ബത്തിക താത്പര്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.