തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും സര്‍വിസ് പെൻഷൻകാരും വരെ ക്ഷേമ പെൻഷൻ കൈപ്പറ്റിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്.
ഒരാള്‍ക്കുതന്നെ ഒന്നിലേറെ പെൻഷൻ അനുവദിച്ചെന്നും മരിച്ചുപോയവരുടെ പേരിലും പെൻഷൻ നല്‍കിക്കൊണ്ടിരിക്കുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. 2017-18 മുതല്‍ 2010-21 വരെയുള്ള കാലത്തെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് വ്യാഴാഴ്ച നിയമസഭയില്‍ വെച്ചത്.
20 ശതമാനം സാമ്ബ്ള്‍ എടുത്തുള്ള പരിശോധനയില്‍ മാത്രം 3990 കേസുകള്‍ കണ്ടെത്താനായി. പെൻഷൻ വിതരണത്തിന് ഉപയോഗിക്കുന്ന ‘സേവന’ സോഫ്റ്റ്െവയറിലെ പോരായ്മയാണ് ക്രമക്കേടിന് സഹായിക്കുന്നത്. അപേക്ഷ നല്‍കുംമുമ്ബ് പലര്‍ക്കും പെൻഷൻ അനുവദിച്ചു. വിധവാപെൻഷൻ വിവാഹമോചിതര്‍ക്കുവരെ നല്‍കി. അര്‍ഹരായ 25,000 ലേറെ പേര്‍ക്ക് പെൻഷൻ നിഷേധിച്ചു.
പെൻഷൻ ഇനത്തില്‍ 47.97 ലക്ഷം പേര്‍ക്കായി 29,622 കോടി രൂപയാണ് നല്‍കിയത്. ഇതില്‍ പകുതിയും സൊസൈറ്റിയും മറ്റും വഴി വീട്ടില്‍ ചെന്ന് കൊടുക്കുകയാണ് ചെയ്തത്. ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലാണ് പെൻഷൻ നല്‍കേണ്ടത്. പെൻഷൻ എല്ലാ മാസവും നല്‍കുന്നില്ല. മരിച്ചവരുടെ പേരിലുള്ള പെൻഷൻ തടയാൻ ക്ഷേമപെൻഷൻ പട്ടിക ജനന-മരണ രജിസ്റ്ററുമായി ബന്ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.