തൊടുപുഴയില്‍ ഓണ്‍ലൈന്‍ റമ്മികളിയിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്ക്കല്‍ റെജി – റെജീന ദമ്ബതികളുടെ മകൻ പി.കെ.റോഷ് (23) ആണ് മരിച്ചത്.
പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു റോഷ്.
റിസോര്‍ട്ടിന് സമീപത്തുള്ള മരത്തില്‍ ബുധനാഴ്ച രാത്രി 8.30യോടെയാണ് ഇയാളെ തൂങ്ങിയ നിലയില്‍ ജീവനക്കാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
മരിച്ച റോഷ് കഴിഞ്ഞ കുറെ നാളുകളായി ഓണ്‍ലൈൻ റമ്മി കളിയില്‍ അടിമപ്പെട്ടിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ജോലി ചെയ്ത് ലഭിക്കുന്ന വരുമാനവും കടം വാങ്ങിയതുമെല്ലാം ചേര്‍ത്ത് ലക്ഷങ്ങള്‍ റമ്മി കളിയില്‍ നഷ്ടപ്പെട്ടതായാണ് വിവരം.
റെജി – റെജീന ദമ്ബതികളുടെ ഏകമകനായ റോഷ്, ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് തന്റെ സഹോദരിക്ക് മാരകരോഗം ബാധിച്ചെന്നും അടിയന്തിര ചികിത്സക്കായി സഹായിക്കണമെന്നും കൂടെ ജോലി ചെയ്തിരുന്നവരോട് കള്ളം പറഞ്ഞിരുന്നു. എല്ലാവരും ചേര്‍ന്ന് 80,000 രൂപ കഴിഞ്ഞ ദിവസം പിരിച്ചു നല്‍കുകയും ചെയ്തു. ഈ പണവും ഇയാള്‍ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയതായാണ് വിവരം.