ബെംഗളൂരു: കേരളത്തില്‍ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര, മൈസൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനത്തൊട്ടാകെ പാലിക്കുന്നതിനാല്‍ മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം.
അതേസമയം കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിലവില്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിന്ന് എത്തുന്ന യാത്രക്കാരുടെ താപനില അതിര്‍ത്തിയില്‍ വെച്ച് തന്നെ പരിശോധിക്കും. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിന് വേണ്ട സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇതിനോട് അനുബന്ധിച്ച് ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നിരിക്കുകയാണ്. നിപ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് 10 കിടക്കകളാണ് മാറ്റി വെച്ചിട്ടുള്ളത്. ഓക്‌സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ അനില്‍കുമാര്‍ ഉത്തരവിട്ടുണ്ട്.
കേരള – കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സര്‍വയ്ലന്‍സ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു മൃഗഡോക്ടറെ അടക്കം ഉള്‍പ്പെടുത്തി എല്ലാ അതിര്‍ത്തി ജില്ലകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെയും നിയോഗിക്കും. നിപ എന്ന് സംശയിക്കുന്ന കേസ് വന്നാല്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ അധികൃതരെ വിവരമറിയിക്കണം എന്നാണ് ആര്‍ആര്‍ടിയോട് നിര്‍ദേശിച്ചിരിക്കുന്നത്.