കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുകൊണ്ടുതന്നെ നിപയുടെ രണ്ടാം തരംഗം ഇതുവരെയില്ലെന്ന് മന്ത്രി അറിയിച്ചു.
എന്നാല്‍ സംസ്ഥാനത്ത് അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവര്‍.
ഏറ്റവുമൊടുവില്‍ രോഗം ബാധിച്ചയാളെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകയ്ക്ക് ലക്ഷണങ്ങളുണ്ട്. ഇവരുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ള 1192 പേരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
ഇനി 51 സാംപിളുകളുടെ ഫലമാണ് വരാനുള്ളതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് നിപാ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിപയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചതാണ് ഇക്കാര്യം. നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ ബില്‍ അടയ്ക്കേണ്ടതില്ലെന്നും, ഇക്കാര്യം കുടുംബത്തെ അറിയിച്ചതായും മന്ത്രി പറഞ്ഞു.