കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ജോളി ജോസഫ് എന്ന സ്ത്രീ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ കുടുംബത്തിലെ ആറ് പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ വാർത്ത പുറത്തറിഞ്ഞപ്പോൾ കേരളം ഞെട്ടിയതാണ്. ഇപ്പോൾ സമാനമായ കൊലപാതക പരമ്പരയെ കുറിച്ചുള്ള വാർത്തകളാണ് മഹാരാഷ്ട്രയിൽ നിന്നും വന്നത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിൽ ഇരുപത് ദിവസത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് സംശയം ഉയർന്നത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണം ചെന്നെത്തിയത് കുടുംബത്തിലെ മരുമകളിലേക്കും ബന്ധുവിലേക്കും. സംഘമിത്ര, റോസ എന്നീ സ്ത്രീകളെയാണ് ബുധനാഴ്ച്ച മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനോടും മാതാപിതാക്കളോടുമുള്ള പ്രതികാരമാണ് സംഘമിത്രയ്ക്ക് കൊലപാതകത്തിനുള്ള കാരണമെങ്കിൽ സ്വത്തു തർക്കമാണ് കുടുംബത്തെ ഉന്മൂലനം ചെയ്യാൻ റോസയെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 20 നാണ് ശങ്കർ കുംബാരേയും ഭാര്യ വിജയയേയും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഹേരിയിലെ ക്ലിനിക്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നാഗ്പൂരിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശങ്കർ കുംബാരെ സെപ്റ്റംബർ 26 നും വിജയ സെപ്റ്റംബർ 27 നുമാണ് മരിച്ചത്. ഭക്ഷ്യവിഷബാധ രൂക്ഷമായി മരണം സംഭവിച്ചുവെന്നായിരുന്നു ആദ്യം കരുതിയത്.
എന്നാൽ, ദിവസങ്ങൾക്കു ശേഷം, ശങ്കറിന്റേയും വിജയയുടേയും മക്കളായ കോമൾ, ആനന്ദ, റോഷൻ എന്നിവരേയും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കൾക്ക് കണ്ട അതേ ലക്ഷണങ്ങൾ തന്നെയായിരുന്നു മക്കൾ മൂന്ന് പേർക്കുമുണ്ടായിരുന്നത്. ആരോഗ്യസ്ഥിതി മോശമായി ഒക്ടോബർ എട്ടിന് കോമളും ഒക്ടോബർ 14ന് ആനന്ദയും തൊട്ടടുത്ത ദിവസം റോഷനും മരണപ്പെട്ടു.
മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും മരണവാർത്തയറിഞ്ഞ് ശങ്കറിന്റെ മൂത്ത മകൻ സാഗർ ഡല‍്ഹിയിൽ നിന്നും വീട്ടിലെത്തിയിരുന്നു. വീട്ടിൽ നിന്നും തിരിച്ച് ഡല‍്ഹിയിലെത്തിയ സാഗറും സമാന ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ആശുപത്രിയിലായി. കൂടാതെ, ശങ്കറിനേയും വിജയയേയും ആശുപത്രിയിലേക്ക് കൊണ്ടുപോയ ഡ്രൈവർ രാകേഷിനേയും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ, വീട്ടിലെത്തിയ ഒരു ബന്ധുവിനും സമാന രീതിയിൽ അസുഖം ബാധിച്ചു. ഇതോടെയാണ് സംശയം ഉയർന്നത്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന മൂന്ന് പേരുടേയും ആരോഗ്യനില മെച്ചപ്പെട്ടതായി ഡോകർമാർ അറിയിച്ചു.
മരിച്ച അഞ്ച് പേർക്കും ആശുപത്രിയിൽ കഴിയുന്ന മൂന്ന് പേർക്കും, കൈകാലുകളിൽ അസ്വസ്ഥത, കഠിനമായ പുറംവേദന, തലവേദന, ചുണ്ടുകൾ നിറംമാറി, നാവുകൾ കുഴഞ്ഞു പോകുക തുടങ്ങി ഒരേ രോഗലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. എല്ലാവര്ക്കും വിഷബാധയേറ്റതാകാമെന്ന് പരിശോധിച്ച ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ കുറിച്ച് സംശയം ഉയർന്നതോടെ പൊലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചു.
മഹാരാഷ്ട്രയിലും തെലങ്കാനയിലും സമഗ്രമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘമിത്രയും റോസയും അറസ്റ്റിലായത്. മരണപ്പെട്ട റോഷൻ കുംബാരേയുടെ ഭാര്യയാണ് സംഘമിത്ര. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ സംശയത്തിന്റെ നിഴയിലായിരുന്ന സംഘമിത്രയുടെ നീക്കങ്ങൾ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് സംഘമിത്ര റോഷനെ വിവാഹം ചെയ്തത്. ഏതാനും മാസങ്ങൾക്കു മുമ്പ് സംഘമിത്രയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. ഇതിനെ തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നു യുവതി. കൂടാതെ, ഭർത്താവിൽ നിന്നും മാതാപിതാക്കളിൽ നിന്നും നിരന്തരം പരിഹാസവും നേരിട്ടിരുന്നു. ഇതോടെയാണ് ഭർത്താവിനേയും കുടുംബത്തേയും കൊല്ലാൻ സംഘമിത്ര പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു.
ശങ്കർ കുംബാരേയുടെ ഭാര്യ വിജയയുടെ സഹോദരന്റെ ഭാര്യയാണ് സംഘമിത്രയ്ക്കൊപ്പം അറസ്റ്റിലായ റോസ. തന്റെ ഭർത്താവിന്റെ കുടുംബ സ്വത്ത് വിജയയ്ക്കും സഹോദരിമാർക്കും നൽകിയതിലുള്ള അമർഷമാണ് റോസയെ കൊലപാതകത്തിലേക്ക് നയിച്ചത്.
പൊതുശത്രുവായ ശങ്കറിനേയും കുടുംബത്തേയും ഇല്ലാതാക്കാൻ സംഘമിത്രയും റോസയും കൈകോർക്കുകയായിരുന്നുവെന്ന് പൊലീസ്. ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇതിനായി ഇന്റർനെറ്റിൽ സെർച്ച് ചെയ്തു. കൊലപാതകത്തിനായി ആർസെനിക് (Arsenic) എന്ന രാസപദാർത്ഥമാണ് ഇവർ കണ്ടെത്തിയത്. തെലങ്കാനയിൽ പോയാണ് റോസ ഇത് സംഘടിപ്പിച്ചത്. ഭക്ഷണത്തിലോ വെള്ളത്തിലോ കലർത്തി നൽകിയാൽ കണ്ടെത്താനാകാത്ത വിഷ പദാർത്ഥമാണ് ആർസെനിക്.
ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ശങ്കറിനും വിജയയ്ക്കും നൽകിയ വെള്ളത്തിലും പ്രതികൾ വിഷം കലർത്തിയിരുന്നതായാണ് കണ്ടെത്തൽ. ഇതേ വെള്ളം കുടിച്ചതോടെയാണ് ഡ്രൈവറും ആശുപത്രിയിലായത്.
നിറമോ മണമോ രുചിയോ ഇല്ലാത്ത വിഷ പദാർത്ഥമാണ് ആർസെനിക്. കീടനാശിനികളിലും കളാനാശിനികളിലും ലോഹസങ്കരങ്ങളിലും ഉപയോഗിക്കുന്നതാണ് ആർസനിക്കും അതിന്റെ സംയുക്തങ്ങളും.