തിരുവനന്തപുരം : ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തിൽ ബന്ധുക്കളെ നഷ്ടപ്പെട്ട പലസ്തീൻ യുവതിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. കേരള യൂണിവേഴ്സിറ്റിയിലെ എംഎ ലിംഗ്വിസ്റ്റിക്സ് വിദ്യാർഥിനിയെയാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചത്. ആക്രമണത്തിൽ യുവതിയുടെ വീടും നശിച്ചിരുന്നു.
കേരളീയം ഫെസ്റ്റിനോടനുബന്ധിച്ച് ഇന്നലെ നടന്ന വിദേശ വിദ്യാർഥി സംഗമത്തിൽ പങ്കെടുക്കാൻ പലസ്തീനിൽ നിന്ന് കേരളത്തിലെത്തി പഠനം നടത്തുന്ന ഫുറാത്ത് അൽമോസാൽമിക്ക് ക്ഷണം ലഭിച്ചിരുന്നു. ഫുറാത്തിന്റെ ഭർത്താവും ഗവേഷക വിദ്യാർഥിയുമായ സമർ അബുദോവ്ദയ്ക്കും ക്ഷണമുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേല്‍ റോക്കറ്റ് ആക്രമണത്തിൽ ഇവരുടെ അടുത്ത ബന്ധുക്കൾ കൊല്ലപ്പെടുകയും വീട് തകരുകയും ചെയ്തു. ഇതേത്തുടർന്ന് ഇവർക്ക് പരിപാടിയിൽ പങ്കെടുക്കാനായില്ല. യൂണിവേഴ്സിറ്റി അധികാരികള്‍ ഇക്കാര്യം അറിയിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫുറാത്തിനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയായിരുന്നു.