തിരുവനന്തപുരം: അൺ എംപ്ലോയിസ് കോ ഓപ്പറേറ്റീവ് വെൽഫയർ സൊസൈറ്റിയിലെ തട്ടിപ്പിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെ പ്രതി ചേർത്തു. കേസിൽ മൂന്നാം പ്രതിയാണ് ശിവകുമാർ.
അൺ എംപ്ലോയിസ് കോ ഓപ്പറേറ്റീവ് വെൽഫയർ സൊസൈറ്റിയിൽ 13 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് പുറത്തുവന്ന വിവരം. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്നാണ് പരാതിക്കാരൻ മൊഴിനൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പിനെ തുടർന്ന് ശിവകുമാറിന്റെ വീടിനു മുന്നിൽ നിക്ഷേപകർ സമരം നടത്തിയിരുന്നു. സൊസൈറ്റിയുടെ 3 ഓഫീസുകളിൽ രണ്ടെണ്ണം പൂട്ടിപ്പോയിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് കരമന പൊലീസ് രജിസ്റ്റർ ചെയ്തത്. സൊസൈറ്റി പ്രസിഡന്റും വിഎസ് ശിവകുമാറിന്റെ അടുത്ത സുഹൃത്തും പ്രാദേശിക കോൺഗ്രസ് നേതാവുമായ രാജേന്ദ്രൻ നായരാണ് ഒന്നാം പ്രതി. കേസുകളിൽ സൊസൈറ്റിയുടെ മുൻ സെക്രട്ടറി നീലകണ്ഠനാണ് രണ്ടാം പ്രതി. പരാതിക്കാരന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിഎസ് ശിവകുമാറിനെ പ്രതി ചേർത്തത്.