വാഴക്കുളം എന്ന നമ്മുടെ ഗ്രാമം പ്രഗത്ഭരും, പ്രശസ്തരുമായ അനേകം വ്യക്തികളേക്കൊണ്ടു് സമ്പന്നമാണ്. നമ്മുടെ പുകൾപ്പെറ്റ പൈനാപ്പിൾ പോലെയോ, ഒരുപക്ഷെ അതിലുപരിയോ കലാ, കായിക , സാഹിത്യ മേഖലകളിൽ പ്രശോഭിക്കുന്ന ഒരു കൂട്ടം പ്രതിഭാധനർ നമ്മുടെ ഗ്രാമത്തിൻ്റെ സൗരഭം ലോകം മുഴുവൻ പരത്തുന്നതിൽ ബദ്ധശ്രദ്ധരാണ്.അവരിൽ എന്തുകൊണ്ടും പ്രഥമസ്ഥാനീയനായ ഒരു പ്രവാസ സാഹിത്യകാരനാണ് ശ്രീ. മാത്യു നെല്ലിക്കുന്ന്. സാഹിത്യത്തിന് പ്രവാസ സാഹിത്യമെന്നോ , സ്വദേശ സാഹിത്യമെന്നോ എന്നൊരു ചേരിതിരിവ് യുക്തിസഹമല്ല എന്നതാണ് ശരി.
റോസപ്പൂവിന് സുഗന്ധമെന്നതുപോലെ
കലാ സാഹിത്യരംഗത്തുള്ള മികവിനൊപ്പം തന്നെ ഉദാരമതിയായ ഒരു മനുഷ്യസ്നേഹിയുമാണ് മാത്യു നെല്ലിക്കുന്ന് എന്നത് അദ്ദേഹത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. “വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് ” എന്ന ആപ്തവാക്യം അക്ഷരാർത്ഥത്തിൽ പ്രായോഗികമാക്കി തൻ്റെ നന്മകളെ സ്വന്തം വാത്മീകത്തിൽ ഒളിച്ചു വയ്ക്കുന്ന മഹനീയ വ്യക്തിത്വത്തിനും കൂടി ഉടമയാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ സഹായത്താൽ ജീവിതവൃദ്ധി നേടിയവരും, തല ചായ്ക്കാൻ ഇടം നേടിയവരും ധാരാളമുണ്ട്.
മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നിന്ന് ബിരുദം നേടിയശേഷം , കൊച്ചിയിലും , മുംബൈയിലും ആയിരുന്നു ഔദ്യോഗികജീവിതത്തിൻ്റെ തുടക്കം. തുടർന്ന് 1974 ൽ അമേരിക്കയിലെത്തി.
കോളേജ് പഠനകാലത്ത് തന്നെ കലയിലും സാഹിത്യത്തിലും ആഭിമുഖ്യമുണ്ടായിരുന്നു.
അമേരിക്കയിൽ എത്തിയശേഷം വളർന്നു പന്തലിച്ച ഈ സാഹിത്യസപര്യ ഒരു തളർച്ചയുമില്ലാതെ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.
കഥ, നോവൽ, ലേഖനം,
കവിത എന്നീ ശാഖകളിലായി ഇരുപതിൽപരം പുസ്തകങ്ങളുടെ രചയിതാവാണ് ഇദ്ദേഹം എന്ന കാര്യം അദ്ദേഹത്തെ അടുത്തു പരിചയമുള്ളവർക്കു പോലും ഒരുപക്ഷെ പുതിയ അറിവായിരിക്കും.
കെടാത്ത സാഹിത്യവാസനയുടെയും , നെഞ്ചിലെ ഒടുങ്ങാത്ത സേവന തല്പരതയുടേയും അണയാത്ത തീ അദ്ദേഹത്തിൽ ആളിക്കത്തിയത് അദ്ദേഹം തൻ്റെ രണ്ടാം ഭൂമികയായി തിരഞ്ഞെടുത്ത അമേരിയിലെ ടെക്സാസിലാണ് . കലാ സാഹിത്യവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ “ജ്വാലാ ആർട്ട്സിന്” തുടക്കം കുറിച്ച അദ്ദേഹം, ആ പേരുതന്നെ അന്വർത്ഥമാക്കിക്കൊണ്ട് ഒരു പ്രകാശനാളമായിത്തന്നെ വെളിച്ചം പകരാൻ ആരംഭിച്ചു. കേരള റൈറ്റേഴ്സ് ഫോറം സ്ഥാപക പ്രസിഡൻ്റ്, അമേരിക്കയിലെ പ്രധാന പ്രസദ്ധീകരണങ്ങളായ രജനി, മലയാളി, കേരളപത്രം എന്നീ പ്രസദ്ധീകരണങ്ങളിൽ പത്രാധിപസമിതി അംഗം, കേരളനാദം , കേരള വീക്ഷണം, ഭാഷാകേരളം എന്നിവകളിൽ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
“എഴുത്ത് ഓൺലൈൻ ” പ്രസദ്ധീകരണത്തിൻ്റെ ചീഫ് എഡിറ്ററായിരുന്നു.
ഇപ്പോൾ നേർക്കാഴ്ച വീക്കിലിയുടെ എഡിറ്റർ ആണ്.
അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോക്കാനയുടെ സംഘാടകനായും , ഹൂസ്റ്റണിലെ ഫോക്കാനാ കൺവൻഷൻ്റെ സാഹിത്യ വിഭാഗം കൺവീനറായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ നോവലുകളിലും, കഥകളിലും പ്രവാസജീവിതത്തിൻ്റെ തുടിപ്പുകൾ തനിമ ചോരാതെ, കാവ്യഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നത് കാണാം. രചനകളിൽ നോവൽ വിഭാഗത്തിലുള്ളവ വേലിയിറക്കം, സൂര്യവെളിച്ചം, വേനൽ മഞ്ഞ്, പ്രയാണം പത്മവ്യൂഹം, അനന്തയാനം എന്നിവയാണ്. അതിലെ രണ്ടു പുസ്തകങ്ങളായ വേലിയിറക്കം ” Low tide ” എന്ന പേരിലും സൂര്യവെളിച്ചം “Rays of sun” എന്ന പേരിലും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇവ ഉൾപ്പെടെ പത്തോളം പുസ്തകങ്ങൾ ഇപ്പോൾ ആമസോണിൽ ലഭ്യമാണ്.
മാത്യു നെല്ലിക്കുന്നിൻ്റെ നോവലുകളിലൂടെ സഞ്ചരിച്ചാൽ അദ്ദേഹത്തിൻ്റെ രചനാശൈലി നമ്മെ കഥയുടെ ലോകത്തേക്ക് കൈ പിടിച്ച് നടത്തും. “ശൈലീവല്ലഭൻ ” എന്നുതന്നെ അദ്ദേഹത്തെ നമുക്ക് തീർച്ചയായും വിശേഷിപ്പിക്കാം.
തൻ്റെ “വേലിയിറക്കം ” എന്ന നോവലിലെ രാജൻ എന്ന കഥാപാത്രം അമേരിക്കയിലെ ഡിട്രോയറ്റിൽ എത്തിയശേഷമുള്ള ആദ്യ ശൈത്യകാലം ജനലിലൂടെ കാണുന്ന ഒരു വർണ്ണനയുണ്ട്.
“അടച്ചിട്ട ജനാലയുടെ ചില്ലുകളിലൂടെ കാറ്റിൻ്റെ ഇരമ്പൽ കേട്ടുകൊണ്ടാണ് രാജൻ രാവിലെ ഉണർന്നത്. ചില്ലുകളിൽ വീണ തുഷാരബിന്ദുക്കൾ പളുങ്കു മണികൾ പോലെ പൊട്ടിച്ചിതറി.
മഞ്ഞണിഞ്ഞു വെളുത്ത അൽപിനാ നഗരം ജനാലയ്ക്കു വെളിയിൽ ഉറങ്ങിക്കിടന്നു. ഡിസംബറിൽ പതിവിലും നേരത്തെ ആർത്തലച്ചു വന്ന കനേഡിയൻ കാറ്റിൻ്റെ കൊടും ശൈത്യം നഗരത്തെ ഗ്രസിച്ചു. വെളിച്ചവും ചൂടും കിട്ടാതെ നഗരം ഒരു കന്യകയെപ്പോലെ കുളിർന്ന് വിറങ്ങലിച്ചു.
ആളൊഴിഞ്ഞ തെരുവുകൾ, മഞ്ഞുശകലങ്ങൾ ചൂടിയ പൈൻ മരങ്ങൾ…” ആ മഞ്ഞുകാലം നമ്മൾ അനുഭവിക്കയാണ്.
ശ്രീമാൻ മാത്യു നെല്ലിക്കുന്നിൻ്റെ രചനകൾക്ക് കിട്ടിയ പുരസ്ക്കാരങ്ങൾ എണ്ണമറ്റതാണ്. അവ നമ്മെ അമ്പരപ്പിൻ്റെ ലോകത്തിലെത്തിക്കും.
ലഭിച്ച പുരസ്കാരങ്ങൾ – ജി. സ്മാരക അവാർഡ് (1998), രജനി മാസിക അവാർഡ് (1992), പ്രവാസി സാഹിത്യ പുരസ്കാരം (2008), അമ്പാടി മാസിക പുരസ്കാരം (2017)
, ജ്വാല ജനകീയ സാംസ്കാരിക വേദി പുരസ്കാരം (2004), സംസ്കാര അവാർഡ് (2008), കേരള റൈറ്റേഴ്സ് ഫോറം അവാർഡ് (1990), കൊല്ലം ജനകീയ കവിത വേദി അവാർഡ് (2010), മലയാളി സമീക്ഷ അവാർഡ് (2017)
, കൊടും പുന്ന സ്മാരക അവാർഡ് (1996), വിദേശമലയാളി സാഹിത്യവേദി അവാർഡ് (1995), ഉണ്മ പുരസ്കാരം (2004), കേരള പാണിനി സംസ്കാര ഭാഷാഭൂഷണ അവാർഡ് (2004), ജ്വാലാ ആർട്സ് ഹുസ്റ്റൺ അവാർഡ് (1993, 1996), അക്ഷയ പുരസ്കാരം, ഫൊക്കാന അവാർഡ് ( ക്യാനഡ ), ഗ്ലോബൽ കൺവെൻഷൻ ഇന്ത്യ ന്യൂസ് അവാർഡ് (1995), ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്, മലയാളവേദി അവാർഡ് (2016), അപ്പൻതമ്പുരാൻ അവാർഡ്, കേരള ലിറ്റററി അസോസിയേഷൻ അവാർഡ്, ഭരത് മുരളി പുരസ്കാരം , ലണ്ടൻ സാഹിത്യവേദി അവാർഡ് എന്നിവ അദ്ദേഹത്തിൻ്റെ മികവിൻ്റെ ഉദാഹരണങ്ങളാണ്.
ഭാര്യ ഗ്രേസി, മക്കൾ നാദിയ, ജോർജ്
വാഴക്കുളത്തിൻ്റെ ഈ മഹാ പ്രതിഭക്ക് “വാഴക്കുളം പി ഓ ” ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഭിനന്ദനങ്ങൾ.