കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ പിടിയിലായ ഡൊമിനിക് മാർട്ടിൻ സ്ഫോടനത്തിന് പദ്ധതിയിട്ട വിവരം മറ്റൊരാൾക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി സൂചന. ഡൊമിനിക്കിന്റെ ഭാര്യ നൽകിയ മൊഴിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന്റെ തലേദിവസം മാർട്ടിന് ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ഡൊമിനിക് ഫോണിൽ സംസാരിച്ചത് സ്ഫോടനം നടത്തുന്നതിനെക്കുറിച്ചാണെന്നാണ് സംശയം.ഫോൺകോളിനെ കുറിച്ച് അന്വേഷിച്ച തന്നോട് മാര്‍ട്ടിന്‍ ക്ഷോഭിച്ചതായി ഭാര്യ നല്‍കിയ മൊഴിയില്‍ പറയുന്നു. നാളെ തനിക്ക് ഒരിടം വരെ പോകാൻ ഉണ്ടെന്നും അതിനുശേഷം വിവരം പറയാമെന്നും ഡൊമിനിക് സംഭവത്തിന്‍റെ തലേന്ന് ഭാര്യയോട് പറഞ്ഞു. സ്ഫോടനം നടന്ന വിവരം ഡൊമിനിക്ക് ആദ്യം അറിയിച്ചതും ഭാര്യയെയാണ്.
അതേസമയം, കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം ജില്ല സെഷൻസ് കോടതിയിലാകും പ്രതിയെ ഹാജരാക്കുക..യുഎപിഎയ്ക്ക് പുറമെ കൊലപാതകം, വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.