കൊച്ചി: അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് നടനെ ചോദ്യം ചെയ്തത്. തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടൻ നൽകിയ പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് നിവിൻപോളി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് കാണിച്ച് നേര്യമംഗലം സ്വദേശിയാണ് നിവിൻ പോളിക്കെതിരെ പരാതി നൽകിയത്. ഇതിൽ എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം നടനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് സംഭവമെന്നാണ് യുവതി പരാതിയിൽ പറഞ്ഞത്.
തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ സിനിമയിലുള്ളവർ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിൻ പോളി ആരോപിച്ചിരുന്നു. പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും നേരത്തെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നൽകിയ പരാതിയിൽ നിവിൻ പോളി പറഞ്ഞിരുന്നു.
പരാതിക്കാരിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നിവിൻ അറിയിച്ചിരുന്നു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് നിവിന് പിന്തുണയുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.