പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിനെതിരെ ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേര്‍ക്കണമെന്ന ആവശ്യവുമായി കുടുംബം.
ഗൂഢാലോചനയില്‍ പ്രശാന്തിന് പങ്കുണ്ടെന്നും പൊലീസ് അദ്ദേഹത്തെ പ്രതിചേര്‍ക്കണമെന്നും നവീന്റെ ബന്ധു ഹരീഷ് കുമാര്‍ ആവശ്യപ്പെട്ടു. നവീന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണം. മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാന്‍ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബെനാമി ഇടപാടുകള്‍ പുറത്തുവരാന്‍ അന്വേഷണം അനിവാര്യമാണെന്നും ഹരീഷ് വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘം നവീന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും എടുക്കും. അതേസമയം, റിമാന്‍ഡിലായ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ബുധനാഴ്ച ജാമ്യാപേക്ഷ നല്‍കും. കണ്ണൂര്‍ കലക്ടറുടെ മൊഴിയടക്കം ഉള്‍പ്പെടുത്തിയാണ് ഹരജി സമര്‍പ്പിക്കുക. തെറ്റ് പറ്റിയെന്ന് എ.ഡി.എം പറഞ്ഞതായി കലക്ടറുടെ മൊഴിയുണ്ട്. എന്താണ് തെറ്റ് എന്ന് അന്വേഷണ സംഘം ചോദിക്കാത്തതെന്ത്? പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തുള്ള സര്‍ക്കാര്‍ ഉത്തരവ് കൈക്കൂലി ആരോപണം ശരിവെക്കുന്നതാണെന്നും പ്രശാന്തിന്റെ മൊഴി കോടതിയില്‍ പരാമര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്നും ദിവ്യ ചോദിക്കുന്നു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാവും അപേക്ഷ നല്‍കുക. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ കക്ഷി ചേരുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.