Friday, April 19, 2024

HomeNewsKerala'അമ്മ'യില്‍ കലഹമുണ്ടാക്കി ജോജു വിവാദം; ഗണേഷ് കുമാറിന് ഇടവേള ബാബുവിന്റെ മറുപടി

‘അമ്മ’യില്‍ കലഹമുണ്ടാക്കി ജോജു വിവാദം; ഗണേഷ് കുമാറിന് ഇടവേള ബാബുവിന്റെ മറുപടി

spot_img
spot_img

കൊച്ചി: നടന്‍ ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വഴിതടയല്‍ വിവാദത്തില്‍ മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ പോര്. ജോജു ജോര്‍ജിനെ ആക്രമിച്ചിട്ടും ആരെ പേടിച്ചിട്ടാണ് അമ്മ സെക്രട്ടറി ഒളിച്ചിരിക്കുന്നതെന്ന് ഇടത് എം.എല്‍.എ കൂടിയായ നടന്‍ ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

പിന്നാലെ ഗണേഷ് കുമാറിന് മറുപടിയുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത് എത്തി. ഇതോടെ വിവാദം കൊഴുത്തിരിക്കുകയാണ്. ഇന്ധന വില വര്‍ധനവിന് എതിരെ കോണ്‍ഗ്രസ് കൊച്ചിയില്‍ റോഡ് തടഞ്ഞ് കൊണ്ട് നടത്തിയ സമരത്തിനെ ജോജു ജോര്‍ജ് എതിര്‍ത്തതാണ് വന്‍ വിവാദമായത്.

പ്രതിഷേധിച്ച ജോജുവിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തിരുന്നു. ജോജുവിനെ തെരുവില്‍ ആക്രമിച്ചിട്ടും അമ്മ സംഘടന പ്രതികരിച്ചില്ലെന്ന് പത്തനാപുരം എം.എല്‍.എയായ കെ.ബി ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ആരെ പേടിച്ചിട്ടാണ് അമ്മയുടെ സെക്രട്ടറി ഒളിച്ചിരിക്കുന്നതെന്നും ഗണേഷ് ചോദിച്ചു.

അമ്മ സംഘടനയുടെ ഈ സമീപനം മാറ്റണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ജോജു വിഷയത്തില്‍ പ്രതികരിക്കാത്തതിലുളള പ്രതിഷേധം അമ്മ യോഗത്തില്‍ അറിയിക്കും. ജോജുവിന് എതിരായ ആക്രമണത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലും അടക്കം അപലപിച്ചപ്പോള്‍ അമ്മ സെക്രട്ടറി മൗനം പാലിച്ചുവെന്നും കെ.ബി ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.

ജോജു വിഷയത്തില്‍ അഭിപ്രായം തുറന്ന് പറയണമെന്നും അമ്മ സെക്രട്ടറി ഇക്കാര്യത്തില്‍ മറുപടി പറയണം എന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ജോജുവിനെ ആക്രമിച്ചത് അപലപനീയവും ദൗര്‍ഭാഗ്യകരവുമാണ്. ജോജുവിന്റെ വണ്ടി തകര്‍ത്ത യൂത്ത് കോണ്‍ഗ്രസിന്റെ നടപടി തെറ്റാണ്. വ്യക്തിപരമായും രാഷ്ട്രീയപരമായും പ്രതിഷേധിക്കാനുളള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും ഗണേഷ് പറഞ്ഞു.

പിന്നാലെയാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്മ സംഘടന ആ സമയത്ത് ചെയ്യേണ്ടതായിട്ടുളള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് ഇടവേള ബാബു വ്യക്തമാക്കി. തങ്ങള്‍ ആരും പിന്മാറിയിട്ടില്ല. ബാബുരാജ്, ടിനി ടോം എന്നിവര്‍ ജോജുവിനെ വിളിച്ചിരുന്നു എന്നും ഇടവേള ബാബു പ്രതികരിച്ചു.

അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് ആണ് ഗണേഷ് കുമാര്‍. അതുകൊണ്ട് പുള്ളിക്കും അതില്‍ ഇടപെടാം എന്നും ഇടവേള ബാബു പറഞ്ഞു. ജോജുവിനെ പിന്തുണച്ച് അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് രംഗത്ത് വന്നിരുന്നു. സമരം ചെയ്യാനുളള സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുളള സ്വാതന്ത്ര്യം ജനങ്ങള്‍ക്കും ഉണ്ടെന്ന് ബാബുരാജ് പറഞ്ഞു. ജോജുവിന് എതിരെയുളള കോണ്‍ഗ്രസ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബാബുരാജ് വ്യക്തമാക്കി.

സിനിമാ പ്രവര്‍ത്തകരെ മദ്യപാനിയെന്നും പെണ്ണുപിടിയനെന്നും എല്ലാം വിളിക്കുന്നത് ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും ബാബുരാജ് പറഞ്ഞു ജോജുവിന്റെ വാഹനം തല്ലിപ്പൊളിച്ചത് ആ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്‌ക്കാരം ആണ്. ഇക്കാര്യങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുളളവരെ അറിയിച്ചിട്ടുണ്ടെന്നും ബാബുരാജ് പറഞ്ഞു. സിനിമാ രംഗത്ത് നിന്ന് ബി ഉണ്ണിക്കൃഷ്ണനും ഒമര്‍ ലുലുവും അടക്കമുളളവര്‍ ജോജുവിനെ പിന്തുണച്ച് നേരത്തെ രംഗത്ത് വന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments