കോട്ടയം: സംസ്ഥാനത്ത് ചൊവ്വാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നവംബര്‍ 18നകം തീരുമാനമെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ സമരം പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ബസുടമകള്‍ അംഗീകരിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി പത്തിന് കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ച രണ്ടു മണിക്കൂര്‍ നീണ്ടു. മിനിമം ചാര്‍ജ് പത്ത് രൂപയില്‍നിന്ന് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ആറ് രൂപയാക്കി ഉയര്‍ത്തുക, ഡീസല്‍ സബ്‌സിഡി അനുവദിക്കുക, കിലോമീറ്ററിന് 90 പൈസയെന്നത് ഒരു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉടമകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്.
ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്നും സര്‍ക്കാര്‍ സഹായകരമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. നവംബര്‍ 18നകം തുടര്‍ ചര്‍ച്ചകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.
ബസ് ഓപ്പറേറ്റേഴ്‌സ് സംഘടന പ്രതിനിധികളായ ടി. ഗോപിനാഥന്‍, ഗോകുലം ഗോകുല്‍ദാസ്, ലോറന്‍സ് ബാബു, ജോണ്‍സണ്‍ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരന്‍, ജോസ് കുഴുപ്പില്‍, എ.ഐ. ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.