കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
നെഹ്‌റുവിനെ ചാരി കെ സുധാകരന്‍ ആര്‍എസ്‌എസ് പ്രണയത്തെ ന്യായീകരിക്കുകയാണെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. ആര്‍എസ്‌എസിനെ വെള്ളപൂശുന്നതില്‍ എന്ത് മഹത്വമാണ് കെ സുധാകരന്‍ കാണുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി നെഹ്‌റു തികഞ്ഞ മതേതര ചിന്താഗതി പുലര്‍ത്തിയ നേതാവാണെന്നും അഭിപ്രായപ്പെട്ടു.
കെ സുധാകരന്റെ വാക്കുകള്‍ കോണ്‍ഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. വര്‍ഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാന്‍ തയാറായ വലിയ മനസാണു ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞത്. അതും രാജ്യം ജവഹര്‍ലാല്‍ നെഹ്റുവിനെ സ്മരിക്കുന്ന ശിശുദിനത്തില്‍. ആര്‍ എസ് എസിനെ വെള്ള പൂശുന്നതില്‍ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നത്? മുഖ്യമന്ത്രി ചോദിച്ചു.
നെഹ്‌റുവിന്റെ കത്തുകളില്‍ നിന്നുള്ള ഉദ്ധരണികള്‍ കൂടി പരാമര്‍ശിച്ചായിരുന്നു കെ സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:
തികഞ്ഞ മതേതര ചിന്താഗതി പുലര്‍ത്തിയ നേതാവാണ് ജവഹര്‍ലാല്‍ നെഹ്റു. 1947 ഡിസംബര്‍ 7-ന് മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍, ആര്‍ എസ് എസ് ഉയര്‍ത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു: “ആര്‍.എസ്.എസ്. ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് തീര്‍ച്ചയായും കര്‍ശനമായ നാസി സ്വഭാവമാണ് തുടരുന്നത്.’ മറ്റൊരു കത്തില്‍, ആര്‍എസ്‌എസ് ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളില്‍ അകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.