പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സിബിഐയുടെ പുതിയ സംഘം അന്വേഷണം തുടങ്ങി.കൊച്ചി സിബിഐ യൂണിറ്റ് ഡിവൈഎസ്പി വി.എസ്. ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
അന്വേഷണ സംഘം വാളയാറിലെ വീട്ടിലെത്തി പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. പുതിയ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ടെന്നു പെണ്‍കുട്ടികളുടെ അമ്മ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.
തിരുവനന്തപുരം സിബിഐ സ്പെഷ്യല്‍ ക്രൈം സെല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആവശ്യമായ കണ്ടെത്തലുകള്‍ ഇല്ലെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുള്ള നിരീക്ഷണത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 10ന് കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് സ്പെഷല്‍ പോക്സോ കോടതി ഉത്തരവിട്ടത്.
ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് സിബിഐ കുറ്റപത്രത്തിലും ഉള്ളതെന്ന വിമര്‍ശനവും കുടുംബം ഉന്നയിച്ചിരുന്നു. സിബിഐ തുടരന്വേഷണം കേരളത്തിനു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ വേണമെന്ന ആവശ്യം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഉന്നയിക്കുകയും സിബിഐ ഡയറക്ടര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു.