കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ സിഐ പി.ആര്‍ സുനു വീണ്ടും ജോലിക്കെത്തി. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെകറായ സുനു ഞായറാഴ്ചയാണ് ഡ്യൂട്ടിക്കെത്തിയത്.
കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍.തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും തെറ്റുകാരനല്ലെന്ന് വകുപ്പിന് ബോധ്യമുണ്ടെന്നുമാണ് ഡ്യൂട്ടിക്കെത്തിയ ശേഷം സുനു മാധ്യമങ്ങളോട് പറഞ്ഞത്.
യുവതിയെ അറിയില്ലെന്നും ഒരു കേസുപോലും തന്‍റെ പേരിലില്ലെന്നുമാണ് ഇയാളുടെ വാദം. ബലാത്സംഗ കേസിലെ പ്രതി ജോലിക്കെത്തിയത് വിവാദമായതോടെ സുനുവിനോട് വീണ്ടും അവധിയില്‍ പ്രവേശിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ നിര്‍ദേശം നല്‍കി. ഞായറാഴ്ച തന്നെ അവധിക്കുള്ള അപേക്ഷ ഇയാള്‍ നല്‍കുമെന്നാണ് വിവരം.
അതേസമയം, സുനുവിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡി.ജി.പി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുനു പ്രതിയായിട്ടുള്ള ആറ്ക്രിമിനല്‍ കേസുകളില്‍ നാലെണ്ണവും സ്ത്രീപീഡനവുമായി ബന്ധപ്പെട്ടവയാണ്. ആറ് മാസം ജയില്‍ ശിക്ഷ അനുഭവിക്കുകയും ഒമ്ബത് തവണ വകുപ്പ്തല നടപടി നേരിടുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്.